കൊല്ലം: മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി യുവാവിനെ പിടികൂടി. കണ്ണനല്ലൂർ, വാലിമുക്ക്, കാർത്തികയിൽ ടോം തോമസിനെയാണ് (27) ജില്ലാ ഡാൻസാഫ് ടീമും കൊല്ലം ഈസ്റ്റ് പൊലീസും സംയുക്തമായി പിടികൂടിയത്.
നഗരത്തിലും പരിസര പ്രദേശങ്ങളിലും സ്കൂൾ - കോളേജ് വിദ്യാർത്ഥികൾക്കും യുവതി - യുവാക്കൾക്കും വില്പനക്കായി എത്തിച്ച 60 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്.
കേരളാ പൊലീസിന്റെ 'യോദ്ധാവ്' ലൂടെ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടസ്ഥാനത്തിൽ ചിന്നക്കട ഗസ്റ്റ് ഹൗസിന് സമീപത്തു നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജില്ലാ ഡാൻസാഫ് ടീമിന്റെ ചുമതലയുള്ള സി ബ്രാഞ്ച് അസി. പൊലീസ് കമ്മിഷണർ സക്കറിയ മാത്യു, കൊല്ലം അസി. കമ്മിഷണർ എ.അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ, എസ്.ഐമാരായ രെഞ്ചു, ശിവദാസൻ പിള്ള, ഡാൻസാഫ് എസ്.ഐ ആർ.ജയകുമാർ, ഡാൻസാഫ് അംഗങ്ങളായ എ.എസ്.ഐ ബൈജു ജെറോം, എസ്.സി.പി.ഒമാരായ സജു, സീനു, മനു, രിപു, രതീഷ്, ലിനു ലാലൻ, ഈസ്റ്റ് പൊലീസ് സ്റ്റേഷൻ സി.പി.ഒമാരായ രഞ്ജിത്ത്, രാജഗോപാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ 2017 ലും സമാന കുറ്റകൃത്യത്തിന് കരുനാഗപ്പള്ളി പൊലീസ് കേസെടുത്തിട്ടുണ്ട്.
ലഹരി വ്യാപാരത്തെ പറ്റി 9497980223, 1090, 0474 2742265, 9995966666 എന്നീ ഫോൺ നമ്പറുകളിലും കേരളാ പൊലീസിന്റെ 'യോദ്ധാവ്-9995966666' എന്ന വാട്സ് ആപ്പ് നമ്പറിലും വിവരം അറിയിക്കാം.