കുന്നത്തൂർ: ശാസ്താംകോട്ട മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കൊല്ലം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ അമ്പതാമത് പരുമല തീർത്ഥാടന പദയാത്ര ആരംഭിച്ചു. മൗണ്ട് ഹൊറബ് മാർ ഏലിയാ ചാപ്പലിൽ കൊല്ലം ഭദ്രാസനാധിപൻ സഖറിയാസ് മാർ അന്തോണിയോസ് ഉദ്ഘാടനം ചെയ്തു. പദയാത്ര സുവർണ്ണ ജൂബിലിയുടെ ലോഗോ പ്രകാശനവും നടന്നു. പദയാത്ര ജനറൽ കൺവീനർ ഫാ. മാത്യു തോമസിന് പതാക കൈമാറി ആരംഭിച്ച യാത്ര ഭരണിക്കാവ്,ചക്കുവള്ളി,ചാരുംമൂട്, കറ്റാനം വഴി കായംകുളം കാദീശാ പള്ളിയിൽ എത്തിച്ചേർന്നു. ഇന്ന് കായംകുളം കാദീശാ പള്ളിയിൽ രാവിലെ ഏഴിന് കുർബാന തുടർന്ന് പത്തിച്ചിറ, ചെന്നിത്തല വഴി പരുമല കബറിങ്കൽ എത്തിച്ചേരും. 65 പള്ളികളിൽ നിന്നായി ആയിരത്തോളം വിശ്വാസികൾ പദയാത്രയിൽ പങ്കെടുത്തു.