
പാഞ്ചാലിയുടെ സ്ത്രീസഹജമായ മോഹത്തെയും അത് സാധിച്ചു കൊടുക്കാനുള്ള പരാക്രമിയായ ഭീമന്റെ പൗരുഷത്തെയും കലാമണ്ഡലം കൂത്തമ്പലത്തിൽ നാല് വിദ്യാർത്ഥിനികൾ അവതരിപ്പിച്ചപ്പോൾ അത് കലാമണ്ഡലത്തിന്റെ 92 വർഷത്തെ ചരിത്രത്തിലെ ആദ്യസംഭവമായി
ബിരുദാനന്തരബിരുദ പഠനത്തിന്റെ ഭാഗമായി ദേവിക, അഞ്ജലി, സ്നേഹ, രേഷ്മ എന്നിവരാണ് കഥകളി ഉപവിഷയമായി പഠിച്ച് അരങ്ങേറിയത്. ബിരുദാനന്തരബിരുദ പഠനത്തിൽ (മോഹിനിയാട്ടം) ഓപ്പൺ കോഴ്സിന്റെ ഭാഗമായി ഇഷ്ടവിഷയം തിരഞ്ഞെടുക്കാൻ ഇപ്പോൾ അവസരമുണ്ട്. ഇത് പ്രയോജനപ്പെടുത്തി ഇവർ കഥകളി തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയായിരുന്നു. കോട്ടയത്തു തമ്പുരാന്റെ കല്യാണ സൗഗന്ധികം ആട്ടക്കഥയിലെ ഭാഗമാണ് സെപ്തംബർ 26ന് അവതരിപ്പിച്ചത്.
തെക്കൻ കളരിച്ചിട്ടയിൽ 25 മിനിറ്റ് വീതമുള്ള രണ്ട് ഭാഗങ്ങളായാണ് അരങ്ങേറിയത്. അഞ്ജലിയും ദേവികയും പാഞ്ചാലിയും ഭീമനുമായി ആദ്യം അരങ്ങേറി. തുടർന്ന് സ്നേഹയും രേഷ്മയും (പാഞ്ചാലി, ഭീമൻ). നൃത്തപശ്ചാത്തലമുള്ളതിനാൽ പഠനം എളുപ്പമായി. ആഹാര്യത്തിലും (വേഷം) ആംഗ്യത്തിലും മികവു കാട്ടി. പാഞ്ചാലിയുടെ ആവശ്യപ്രകാരം ഭീമസേനൻ സൗഗന്ധികപുഷ്പങ്ങൾ അന്വേഷിച്ചു പോകുന്നതുവരെയുള്ള രംഗമാണ് അരങ്ങേറിയത്.
തുണയായത് ആത്മസമർപ്പണം
ഭീമനെപ്പോലെ പരാക്രമിയായ കഥാപാത്രത്തെ പെൺകുട്ടികൾ അവതരിപ്പിക്കുമ്പോൾ പരിമിതികളുണ്ടാകാം. വേഷഭൂഷാദികളിലും ഭാഷയിലും മുദ്ര യിലും കഥകളി വ്യത്യസ്തമാണ്. മോഹിനിയാട്ടത്തിൽ ലളിതവേഷമാണെങ്കിൽ കഥകളിയിൽ, പ്രത്യേകിച്ചും പുരുഷകഥാപാത്രത്തിന്റേത് സങ്കീർണ്ണമാണ്. കിരീടത്തിനും വസ്ത്രത്തിനും ഭാരം കൂടും. മോഹിനിയാട്ടത്തിൽ ശരീരത്തിൽ ചേർന്നിരിക്കുന്ന വേഷത്തിന് പകരം കഥകളിയിൽ വിസ്താരമുള്ള ഉടുത്തുകെട്ടുണ്ട്. ഇത്തരം വെല്ലുവിളികളെ അതിജീവിക്കാൻ വിദ്യാർത്ഥിനികൾക്ക് തുണയായത് മികവും സമർപ്പണവും.
വെള്ളിയാഴ്ചകളിൽ രാവിലെ 9.30 മുതൽ12.30 വരെ ആറ് മാസം കൊണ്ട് 24 ക്ളാസാണ് ലഭിച്ചത്. ലോക്ക്ഡൗൺ കാലത്ത് ഓൺലെെനായി മുദ്രകൾ പഠിച്ചു. നേരിട്ടുള്ള പഠനത്തിന്റെ ഫലം ചെയ്യില്ലെങ്കിലും കഥകളിക്കമ്പം ആ കുറവ് പരിഹരിച്ചു. ദേവികയും സ്നേഹയും ഭീമന്റെ വിക്രമഭാവത്തെയും അഞ്ജലിയും രേഷ്മയും പാഞ്ചാലിയുടെ മുഗ്ദ്ധഭാവത്തെയും തന്മയത്വത്തോടെ അവതരിപ്പിച്ചു. മോഹിനിയാട്ടത്തിലെ ലാസ്യഭാവം കഥകളിമുദ്രകളിൽ കലർന്ന് തനിമ നഷ്ടപ്പെടാതെ ശ്രദ്ധിക്കാനും വലിയൊരളവിൽ കഴിഞ്ഞു. കഥകളി സംഗീതവുമായി ബിരുദാനന്തരബിരുദ വിദ്യാർത്ഥികളായ വിഘ്നേഷ്, നവീൻ, ലക്ഷ്മിപ്രിയ എന്നിവരും ഉണ്ടായിരുന്നു. രണ്ടു വർഷത്തെ ബിരുദാനന്തരബിരുദ കോഴ്സിൽ രണ്ടാം വർഷം രണ്ടാം സെമസ്റ്ററിലാണ് കഥകളി.
വീട്ടിൽനിന്ന് പിന്തുണ
കലയോടുള്ള കുടുംബാംഗങ്ങളുടെ താത്പര്യം വിദ്യാർത്ഥിനികൾക്ക് പിന്തുണയും പ്രചോദനവുമായി. നോർത്ത് പറവൂർ കെെതാരം മഠത്തിൽ പഴവൂർ ദേവശിവയിൽ രാജീവ്കുമാറിന്റെയും സരസ്വതിയുടെയും ഏകമകളാണ് ദേവിക ആർ. പിള്ള. നാട്ടിൽ ഭരതനാട്യം പഠിച്ചിരുന്നു. കലാമണ്ഡലത്തിൽ പ്ളസ് വൺ മുതൽ മോഹിനിയാട്ടം അഭ്യസിക്കുന്നു. മലപ്പുറം മക്കരപ്പറമ്പ് നൂറൻകുന്നത്ത് വീട്ടിൽ ബാബുമോന്റെയും ജ്യോതിയുടെയും മകളാണ് സ്നേഹ.
അങ്ങാടിപ്പുറം കലാക്ഷേത്ര വിദ്യാർത്ഥിയായിരുന്നു. മോഹിനിയാട്ടത്തിൽ ബിരുദപഠനത്തിനാണ് കലാമണ്ഡലത്തിലെത്തിയത്. സഹോദരങ്ങൾ: രാഹുൽ, ദേവിനന്ദന. കൂത്താട്ടുകുളം പാലക്കുഴ കൊച്ചുപ്ളാക്കൽ സേതുരാജിന്റെയും എൽസിയുടെയും മകളാണ് അഞ്ജലി. സഹോദരി അഭിനവ ഒമ്പതാം ക്ളാസിൽ. എട്ടാം ക്ളാസ് മുതൽ കലാമണ്ഡലത്തിൽ പഠിക്കുന്നു. മലപ്പുറം വാണിയമ്പലം പോരൂർ പൂത്രക്കോവ് നെല്ലിക്കുന്ന് വീട്ടിൽ രാധാകൃഷ്ണൻ, ശ്രീജ ദമ്പതികളുടെ മകളാണ് രേഷ്മ. നാട്ടിൽ നൃത്തം പഠിച്ചിരുന്നു. ബിരുദത്തിന് കലാമണ്ഡലത്തിൽ ചേർന്നു. സഹോദരങ്ങളായ ശ്രീരാജും ശ്രീഷ്മയും ഭരതനാട്യം അഭ്യസിച്ചിരുന്നു.
മാറുന്ന കലാമണ്ഡലം
കാലത്തിനൊത്ത് മാറി കലകളിൽ സ്ത്രീകൾക്കും തുല്യത നൽകുകയാണ് കലാമണ്ഡലം. മുമ്പ് മോഹിനിയാട്ടത്തിൽ ചെണ്ടയും കർണാടക സംഗീതവും ഉപവിഷയമായി പഠിക്കുന്നവർ ഉണ്ടായിരുന്നു. ബിരുദാനന്തരബിരുദ വിദ്യാർത്ഥികളുടെ മൂന്നാം ബാച്ച് മുതലാണ് ഇഷ്ടവിഷയം തിരഞ്ഞെടുക്കാൻ അവസരമുണ്ടായത്. അതിൽ കഥകളിയുമുണ്ട്. കഴിഞ്ഞ വർഷം മുതൽ എട്ടാം ക്ളാസിൽ കഥകളിക്ക് പെൺകുട്ടികൾക്കും ചേരാം. ബിരുദത്തിനും കഥകളിയിൽ പെൺകുട്ടികളെ ചേർക്കാൻ ശ്രമം നടക്കുന്നു. കലാമണ്ഡലം അദ്ധ്യാപകനും കമ്മിറ്റിയംഗവുമായ കരിയന്നൂർ നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ദേവിക, ശ്രീദേവി, ശ്രുതി എന്നിവർ അടുത്തിടെ തിമിലയിൽ അരങ്ങേറ്റം നടത്തിയതും കലാമണ്ഡലം ചരിത്രത്തിൽ ആദ്യമായിരുന്നു. ആദിത്യൻ, അഭിജിത് എന്നിവരും ഒപ്പമുണ്ടായിരുന്നു.
മികച്ച ശിക്ഷണം
ചുരുങ്ങിയ ക്ളാസുകൾ കൊണ്ട് കഥകളി അരങ്ങേറ്റത്തിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കിയതിനു പിന്നിൽ കലാമണ്ഡലം രവികുമാറിന്റെ മികച്ച ശിക്ഷണം. തുടക്കത്തിൽ കലാമണ്ഡലം തുളസികുമാറും ഉണ്ടായിരുന്നെങ്കിലും അദ്ദേഹം നിള ക്യാമ്പസിന്റെ (പഴയ കലാമണ്ഡലം) കോ - ഓർഡിനേറ്ററായതോടെ മുഴുവൻ ചുമതലയും രവികുമാറിനായി. കോട്ടയം തമ്പുരാന്റെ കല്യാണസൗഗന്ധികത്തിൽ പാഞ്ചാലിയുടെ ഒരു പദം മാത്രമേ പഠിക്കാനുള്ളൂ. അതിൽ ഭീമന്റെ ഭാഗം കൂടി ചേർക്കുകയായിരുന്നു. ഓണത്തിന് മുമ്പേ അരങ്ങേറ്റം നടത്താമായിരുന്നു. കൊവിഡിനെത്തുടർന്ന് ചില ക്ളാസുകൾ നഷ്ടപ്പെട്ടതു കൊണ്ടാണ് വൈകിയത്.
കലാമണ്ഡലം രവികുമാർ കൊല്ലം ഓയൂർ സ്വദേശിയാണ്.പതിനട്ടാം വയസിൽ കലാമണ്ഡലത്തിൽ കഥകളിവേഷം തെക്കൻ കളരിയിൽ ചേർന്നു. 1996ൽ ബിരുദാനന്തര ബിരുദത്തിന് ഒന്നാം റാങ്ക് നേടി. 1998ൽ അതേ വിഭാഗത്തിൽ താത്ക്കാലിക അദ്ധ്യാപകനായി. 2004 മുതൽ സ്ഥിരാദ്ധ്യാപകൻ. രണ്ടു വർഷമായി വകുപ്പ് അദ്ധ്യക്ഷനാണ്. ആറ്റിങ്ങൽ വക്കം സ്വദേശിയാണ് കലാമണ്ഡലം തുളസികുമാർ.
(ലേഖകന്റെ ഫോൺ: 9946108346)