
തൃശൂർ: സൈബർ സെല്ലിൽ നിന്ന് വിളിക്കുകയാണെന്ന് പറഞ്ഞ് അസമയത്ത് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങളെ തിരഞ്ഞ് പൊലീസ്. കോളുകൾ നിരവധി പേർക്ക് ലഭിക്കുന്നതായി പരാതി ലഭിച്ചതോടെ തൃശൂർ സിറ്റി പൊലീസിന്റെ സൈബർ സെൽ വിഭാഗവും, സൈബർ ക്രൈം പൊലീസ് സ്റ്റേഷനും ചേർന്ന് വ്യാജകോളുകൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ തുടങ്ങി. ഫോണിലെ ഇന്റർനെറ്റ് ഉപയോഗം നിരീക്ഷിച്ചുവെന്നും അതിൽ അസ്വാഭാവികത തോന്നിയതിനാലാണ് സൈബർ സെല്ലിൽ നിന്ന് വിളിക്കുന്നതെന്നും പറഞ്ഞാണ് ഭീഷണി. ഭീഷണിസ്വരം കേട്ട് പേടിക്കുകയോ, അല്ലെങ്കിൽ സ്തബ്ധിച്ച് പോകുകയോ ചെയ്യുമ്പോൾ അറിഞ്ഞോ അറിയാതെയോ തട്ടിപ്പുകാരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകും. വ്യക്തിഗത സ്വകാര്യ വിവരങ്ങളും ഇവർ ചോർത്തും. സൈബർ സെൽ ഉദ്യോഗസ്ഥൻ ചമഞ്ഞ് ഭീഷണിപ്പെടുത്തുന്ന കോളുകൾ വരുന്നത് കൂടുതലായും വിദേശ രാജ്യങ്ങളിൽ നിന്നുമാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരം കുറ്റവാളികളെ പിടികൂടാൻ നടപടി സ്വീകരിച്ചതായും പൊലീസ് വ്യക്തമാക്കുന്നു.
ശ്രദ്ധിക്കാൻ
1. സൈബർ സെൽ, സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും വിളിക്കുന്നയാളിന്റെ പേര്, ഔദ്യോഗിക വിലാസം, ആവശ്യം എന്നിവ മുൻകൂട്ടി ചോദിച്ച് മനസിലാക്കുക. അവിടുത്തെ ലാൻഡ് ലൈൻ ടെലിഫോൺ നമ്പർ ആവശ്യപ്പെടുകയും, അവിടേക്ക് തിരിച്ചുവിളിക്കാമെന്നും പറയുക.
2. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളുടെയും, പൊലീസ് ഓഫീസുകളുടെയും, പൊലീസുദ്യോഗസ്ഥരുടെയും ടെലിഫോൺ നമ്പറുകൾ, മൊബൈൽ നമ്പറുകൾ എന്നിവ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
3. വ്യാജ ടെലിഫോൺ നമ്പർ കൃത്രിമമായി സൃഷ്ടിച്ചാണ് സൈബർ തട്ടിപ്പുകാർ സന്ദേശമയക്കുകയും ടെലിഫോൺ വിളിക്കുകയും ചെയ്യുന്നത്. ഇത്തരം നിരോധിത പ്രവൃത്തികളിൽ ഏർപ്പെടുത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാനാകും.
4. തട്ടിപ്പുകാരുടെ ടെലിഫോൺ വിളികൾ വരുമ്പോൾ നാലക്ക നമ്പർ മാത്രമേ സ്‌ക്രീനിൽ തെളിയൂ. ഇത്തരത്തിലുള്ള ടെലിഫോൺ നമ്പറുകളിൽ നിന്നും വരുന്ന കോളുകൾ അറ്റന്റ് ചെയ്യരുത്.
ഏറെയും നൈജീരിയൻ സംഘങ്ങൾ
തട്ടിപ്പുകൾ ഭൂരിഭാഗവും നടത്തുന്നത് നൈജീരിയൻ സംഘമാണെന്നാണ് പൊലീസ് പറയുന്നത്. മുംബയ്, ബംഗളൂരു, ഗോവ എന്നിവിടങ്ങളിലും ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും താമസമാക്കിയ നൈജീരിയൻ വംശജരാണ് പിടിയിലാവുന്നവരിൽ ഏറെയും. കോടികളാണ് കേരളത്തിൽ നിന്ന് ഇവർ തട്ടുന്നതെന്നാണ് വിവരം. തട്ടിപ്പിനിരയാകുന്നവരിൽ ചെറിയ ശതമാനം മാത്രമാണ് പരാതിയുമായെത്തുന്നത്. ബിസിനസ്, സ്റ്റുഡന്റ് വിസയിലാണ് ഇവർ ഇന്ത്യയിലെത്തുന്നത്. വിസ കാലാവധി കഴിഞ്ഞാലും മടങ്ങില്ല. ബാങ്ക് അക്കൗണ്ട് എടുക്കാൻ കഴിയാത്തതിനാൽ ബംഗാൾ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരുടെയും നിർദ്ധനരുടെയും എ.ടി.എം. കാർഡ് ഉൾപ്പെടെയുള്ള അക്കൗണ്ട് വാങ്ങി അതിലേക്കാണ് തട്ടിപ്പ് പണം എത്തിക്കുക. പണത്തിന്റെ ഭൂരിഭാഗവും നൈജീരിയയിലേക്ക് അയച്ച് ആഡംബര ജീവിതം നയിക്കും. പരാതി പൊലീസ് പരിശോധിക്കുമ്പോഴേയ്ക്കും ഭൂരിഭാഗം തുകയും പിൻവലിച്ചിട്ടുണ്ടാകും.