jaya

തൃശൂർ: വൃദ്ധരുടെ ക്ഷേമം ഉറപ്പാക്കാൻ സംസ്ഥാനത്ത് വയോജന കമ്മിഷൻ രൂപീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു. വയോജന ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും വയോസേവന അവാർഡ് സമർപ്പണവും നടത്തുകയായിരുന്നു മന്ത്രി.

വയോജന കൗൺസിൽ, വയോജന ക്ലബ്ബുകൾ, വയോജന ഗ്രാമസഭകൾ എന്നിവ വഴി ഈ മേഖലയിൽ മുന്നേറ്റമുണ്ടാക്കാനാണ് ശ്രമം. വൃദ്ധരായ നിരവധി പേർ വികസനപ്രവർത്തനങ്ങളിൽ ഭാഗമാകുന്നത് അഭിമാനകരമാണ്. പ്രായത്തിന്റെ അവശതകളിലും കർമ്മ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിക്കുന്നവരുടെ അനുഭവസമ്പത്ത് സമൂഹത്തിന്റെ പുന:സൃഷ്ടിക്ക് പ്രയോജനപ്പെടുത്തണം. എല്ലാ റവന്യു ഡിവിഷനുകളിലും മെയിന്റനൻസ് ട്രിബ്യൂണലുകൾ രൂപീകരിച്ച് ക്ഷേമ പ്രവർത്തനം നടത്തുന്നുണ്ട്. സർഗാത്മകതയും അദ്ധ്വാനശേഷിയും ഉപയോഗിക്കാനാകുന്നില്ലെന്ന വ്യാകുലതയുള്ള വൃദ്ധരെ ചേർത്ത് നിറുത്താനായി 'തനിച്ചല്ല നിങ്ങൾ; ഒപ്പമുണ്ട് ഞങ്ങൾ' എന്ന സാമൂഹ്യനീതി വകുപ്പിന്റെ മുദ്രാവാക്യം പ്രാവർത്തികമാക്കാനാണ് ശ്രമമെന്നും അവർ പറഞ്ഞു. ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌കാരം ഗായകൻ പി.ജയചന്ദ്രന് മന്ത്രി നൽകി. നിരൂപക ഡോ.എം.ലീലാവതിക്കുള്ള പുരസ്‌കാരം മകൻ വിനയകുമാർ ഏറ്റുവാങ്ങി. മികച്ച വയോജനക്ഷേമ പ്രവർത്തനത്തിന് ജില്ലാ പഞ്ചായത്തിനുള്ള ഒരു ലക്ഷത്തിന്റെ പുരസ്‌കാരം കണ്ണൂർ ജില്ലാ പഞ്ചായത്തിനും മികച്ച സാമൂഹ്യസേവനത്തിനുള്ള പ്രത്യേക പുരസ്‌കാരം തൃശൂർ സ്വദേശി സി.വി.പൗലോസിനും നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് അദ്ധ്യക്ഷത വഹിച്ചു.