vayo

തൃശൂർ: ഗുരുവായൂർ ക്ഷേത്രനടയിൽ അന്തിയുറങ്ങുന്ന അപ്പൂപ്പൻ, കൊടുങ്ങല്ലൂർ ഭരണിയിൽ വാളേന്തി നിൽക്കുന്ന കോമരം അങ്ങനെ സുപരിചിതമായ ഒട്ടനവധി മുഖങ്ങളെ വരകളാൽ പുനരവതരിപ്പിക്കുകയാണ് ഇൻഡോർ സ്റ്റേഡിയത്തിലെ ചിത്രപ്രദർശനം. 'വയോജനങ്ങളുടെ മുഖഭാവങ്ങൾ' എന്ന പ്രദർശനമാണ് ലോക വയോജനദിനം സംസ്ഥാനതല ഉദ്ഘാടനത്തിന് എത്തിയവർക്ക് നവ്യാനുഭവമായത്.
തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ സ്ഥിരമെത്തുന്ന വയോധികൻ, ചാവക്കാട് സ്റ്റാൻഡിൽ നെല്ലിക്ക വിൽക്കുന്ന അമ്മൂമ്മ തുടങ്ങി നിത്യജീവിതത്തിൽ എവിടെയൊക്കെയോ നാം കാണുന്ന മുഖങ്ങളാണ് ചിത്രത്തിലുള്ളത്. സർഗകലാ അക്കാഡമിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ വരച്ച 32 ചിത്രങ്ങളാണ് ജീവിത സായാഹ്നത്തിന്റെ പടവുകളിറങ്ങുന്ന വയോധികരെ പകർത്തിയത്. വാർദ്ധക്യത്തിന്റെ വിവിധ ഭാവങ്ങൾ പ്രതിനിധാനം ചെയ്യുന്ന ചിത്രങ്ങൾ പോയ കാലത്തെ അടയാളപ്പെടുത്തുന്നതായി. സർഗകലാ അക്കാഡമി അദ്ധ്യാപകൻ സർഗകലാ ബിജുവിന്റെ നേതൃത്വത്തിലാണ് സൃഷ്ടിക്ക് പ്രചോദനമായ വിഷയങ്ങൾ വിദ്യാർത്ഥികൾ കണ്ടെത്തിയത്. ഏഴ് മാസമെടുത്താണ് വിവിധ മേഖലകൾ സന്ദർശിച്ച് ചിത്രം തയ്യാറാക്കിയത്. പെൻസിൽ ഡ്രോയിംഗ്, ജലച്ചായം, എണ്ണച്ചായം തുടങ്ങിയ മാദ്ധ്യമങ്ങളിലുള്ള പെയിന്റിംഗുകൾ പ്രദർശിപ്പിച്ചു. മനസിൽ പതിഞ്ഞ മുഖമാണ് വിദ്യാർത്ഥികൾ ചിത്രങ്ങൾ പൂർത്തിയാക്കിയതെന്ന് സർഗകലാ ബിജു പറഞ്ഞു.