
തൃശൂർ: വയോജനങ്ങൾക്ക് ആവേശം പകർന്ന് ലോക വയോജന ദിനം ആഘോഷിച്ചു. മുതിർന്ന പൗരന്മാർ അവതരിപ്പിച്ച കലാപരിപാടികൾ, സർഗകലാ അക്കാഡമിയുടെ വയോജനങ്ങളുമായി ബന്ധപ്പെട്ട ചിത്രപ്രദർശനം, കോളേജ് വിദ്യാർത്ഥികളുടെ ഫ്‌ളാഷ്‌മോബ്, തെരുവ്‌നാടകം എന്നിവയും പരിപാടിയുടെ ഭാഗമായി അരങ്ങേറി.
വയോജന ക്ഷേമത്തിൽ സാമൂഹ്യനീതി വകുപ്പ്, മെയിന്റനൻസ് ട്രൈബ്യൂണൽ, വായോമിത്രം, ഓർഫനേജ് കൺട്രോൾ ബോർഡ് എന്നിവ നടത്തിവരുന്ന സേവനങ്ങൾ ഉൾപ്പെട്ട ബോധവത്കരണ ഫോട്ടോ പ്രദർശനവും ഒരുക്കി. വയോജന ദിനവുമായി ബന്ധപ്പെട്ട് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് മന്ത്രി ഡോ.ആർ.ബിന്ദു സർട്ടിഫിക്കറ്റ് നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് അദ്ധ്യക്ഷത വഹിച്ചു. സംഘർഷങ്ങളിൽ നിന്ന് വയോജനങ്ങളെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ബാദ്ധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു. കോർപറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലാലി ജെയിംസ്, ആർ.ഡി.ഒ പി.എ.വിഭൂഷണൻ, ജില്ലാ വയോജന കൗൺസിൽ മെമ്പർ പി.പി.ബാലൻ, ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പർ സെക്രട്ടറി എം.കെ.സിനുകുമാർ, സാമൂഹികനീതി വകുപ്പ് അഡീഷണൽ ഡയറക്ടർ എസ്.ജലജ തുടങ്ങിയവർ പങ്കെടുത്തു.
പുരസ്‌കാരം നേടിയവർ
ബ്ലോക്ക് പഞ്ചായത്ത്: തൂണേരി (ലക്ഷം രൂപ). പഞ്ചായത്ത് (രണ്ട് പഞ്ചായത്തുകൾ പങ്കിട്ടു): മാണിക്കൽ (തിരുവനന്തപുരം), വേങ്ങര (മലപ്പുറം) 50,000 രൂപ വീതം. സർക്കാരേതര സംഘടന/സ്ഥാപനം: ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റ് (കൊല്ലം) 50,000 രൂപ. മെയിന്റനൻസ് ട്രിബ്യൂണൽ: ഒറ്റപ്പാലം ആർ.ഡി.ഒ (സർട്ടിഫിക്കറ്റും ആദരഫലകവും). വൃദ്ധസദനം: സർക്കാർ വൃദ്ധസദനം, കൊല്ലം (സർട്ടിഫിക്കറ്റും ഫലകവും)
കായികമേഖലയിലെ സംഭാവന: പി.എസ്.ജോൺ (കോട്ടയം), പി.ഇ.സുകുമാരൻ (എറണാകുളം) 25,000 രൂപ വീതം.