navaratri

തൃശൂർ: നവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും ഇന്ന് പൂജവെയ്പ്പ് നടക്കും. അറിവിനായുള്ള പ്രാർത്ഥനകളോടെ വീടുകളിലും ക്ഷേത്രങ്ങളിലും പുസ്തകങ്ങൾ പൂജയ്ക്ക് വയ്ക്കും. നാളെയും മറ്റെന്നാളും സരസ്വതി പൂജ നടക്കും. ക്ഷേത്രങ്ങളിൽ ദുർഗ, ലക്ഷ്മി, സരസ്വതി എന്നീ ദേവിമാർക്കായി പ്രത്യേക പൂജയുണ്ടാകും. പുസ്തകങ്ങൾക്ക് പുറമേ പണിയായുധങ്ങളും പുരാണ ഗ്രന്ഥങ്ങളും പഠനോപകരണങ്ങളും പൂജയ്ക്ക് വയ്ക്കും. അഷ്ടമി ദിവസമായ ഇന്ന് വൈകീട്ട് പൂജയ്ക്ക് വയ്ക്കുന്ന പുസ്തകങ്ങളും ആയുധങ്ങളും ഗ്രന്ഥങ്ങളും അഞ്ചിന് വിജയദശമി നാളിലാണ് എടുക്കുക. അന്ന് ആയിരക്കണക്കിന് കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും. ചേർപ്പ് തിരുവുള്ളക്കാവ് ക്ഷേത്രം, ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം, കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രം, തിരുവമ്പാടി ക്ഷേത്രം, പാറമേക്കാവ് ക്ഷേത്രം, വടക്കുന്നാഥ ക്ഷേത്രം, മമ്മിയൂർ ശിവക്ഷേത്രം, ആറാട്ടുപുഴ ക്ഷേത്രം, മിഥുനപിള്ളി ശിവക്ഷേത്രം, അശോകേശ്വരം ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ഇന്ന് പൂജവയ്പ്പ് നടക്കും. ക്ഷേത്രങ്ങളിൽ ആയുധ പൂജയും വാഹന പൂജയും നടക്കും. വിജയദശമി ദിവസമായ ബുധനാഴ്ച രാവിലെ പൂജയെടുപ്പിന് ശേഷം ക്ഷേത്രങ്ങളിലെ നവരാത്രി മണ്ഡപത്തിൽ വിദ്യാരംഭ ചടങ്ങ്. വിദ്യാഗോപാല പൂജയും വിവിധ ക്ഷേത്രങ്ങളിൽ നടക്കും. ഊരത്തമ്മത്തിരുവടി ക്ഷേത്രത്തിൽ കുലവാഴ വിതാനത്തിനുള്ള വാഴക്കുലകളെത്തിച്ചു. വിവിധ ഭാഗങ്ങളിൽ നിന്ന് ഭക്തർ സമർപ്പിച്ച വാഴക്കുലകൾ ക്ഷേത്ര ഗോപുരം അറപ്പുരയിലാണ് പഴുപ്പിക്കാൻ വച്ചത്. ദുർഗാഷ്ടമി ദിനമായ ഇന്ന് വൈകീട്ട് ക്ഷേത്രം പടിഞ്ഞാറെ നടപ്പുരയിൽ പഴുപ്പിച്ച വാഴക്കുലകൾ അലങ്കരിക്കും. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് കുഴുവാല വിതാനം കാണാൻ ക്ഷേത്രത്തിലെത്തുക. തിരുവുള്ളക്കാവിൽ ബുധനാഴ്ച്ച പുലർച്ചെ മുതൽ എഴുത്തിനിരുത്തൽ ചടങ്ങ് ആരംഭിക്കും.