1
വടക്കാഞ്ചേരി നഗരസഭയിലെ ആരോഗ്യ നഗരം പദ്ധതി മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

വടക്കാഞ്ചേരി: ക്ഷേമ പെൻഷനുകൾ ഉൾപ്പെടെയുള്ള വിവിധ സർക്കാർ പദ്ധതികളിലൂടെ വയോജനങ്ങൾക്ക് സമൂഹത്തിൽ കൂടുതൽ പരിഗണന ലഭിച്ചെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. ഇതവരെ വലിയ കർത്തവ്യങ്ങൾ നിർവഹിക്കാൻ പ്രാപ്തിയുള്ളവരാക്കി മാറ്റിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വടക്കാഞ്ചേരി നഗരസഭയുടെ ആരോഗ്യനഗരം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വയോജനങ്ങളുടെ ആരോഗ്യപരമായ പ്രശ്‌നങ്ങൾ മാത്രമല്ല മാനസികാവസ്ഥ കൂടി മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തണം. പ്രായമായവർ ബാദ്ധ്യതയാണെന്ന കാഴ്ചപ്പാട് മാറണം. ആരോഗ്യനഗരം പദ്ധതി പോലുള്ളവ ഇതിന് സഹായകരമാകും. യൗവ്വനം മുഴുവൻ സമൂഹത്തിനും കുടുംബത്തിനും വേണ്ടി ത്യജിച്ച വയോജനങ്ങളെ ഒറ്റപ്പെടുത്തേണ്ടവരല്ലെന്ന ചിന്ത വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആര്യമ്പാടം പകൽവീട്ടിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മൽ, കില ഡയറക്ടർ ജനറൽ ഡോ. ജോയ് ഇളമൺ എന്നിവർ വിശിഷ്ടാതിഥികളായി. എം. ആർ. അനൂപ് കിഷോർ, ഡോ.കെ.എസ്. ഷാജി, പീറ്റർ രാജ്, ഡോ. അജിത്ത് കാളിയത്ത് എന്നിവർ പദ്ധതി വിശദീകരണം നടത്തി. നഗരസഭ വൈസ് ചെയർമാൻ ഒ.ആർ. ഷീല മോഹനൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ പി.ആർ. അരവിന്ദാക്ഷൻ, സി.വി. മുഹമ്മദ് ബഷീർ, എ.എം. ജമീലാബി, കെ.എം. സ്വപ്ന, നഗരസഭാ സെക്രട്ടറി കെ.കെ. മനോജ് എന്നിവർ പങ്കെടുത്തു.

വൃദ്ധർക്ക് ആരോഗ്യകരമായ ജീവിതാവസ്ഥ പ്രദാനം ചെയ്യുക ലക്ഷ്യം
പഠന പരിപാടികളിലൂടെയും ബോധവത്കരണത്തിലൂടെയും ആരോഗ്യകരമായ ജീവിതത്തിലേക്ക് ജനവിഭാഗങ്ങളെ എത്തിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയാണ് ആരോഗ്യനഗരം. 'കമ്മ്യൂണിറ്റി സ്‌കൂൾ ഒഫ് ഹെൽത്തി ഏജിംഗ്' എന്നതാണ് ആരോഗ്യനഗരം പദ്ധതിയുടെ കാതൽ. വാർദ്ധക്യത്തിലുള്ളവർക്ക് ആരോഗ്യകരമായ ജീവിതാവസ്ഥ പ്രദാനം ചെയ്യുന്നതിന് നഗരസഭ പദ്ധതി തയ്യാറാക്കും. ഇതിനായി വയോധികർക്കും മദ്ധ്യവയസ്‌കർക്കും പ്രത്യേകം പദ്ധതികളുണ്ടാക്കുന്നുണ്ട്. ആരോഗ്യകരമായി വാർദ്ധക്യം ആഘോഷിക്കാനായി പൊതുസമൂഹത്തെ പരിശീലിപ്പിക്കുക എന്നതാണ് മറ്റൊരു പ്രധാന പരിപാടി. ബഹുജന മുന്നേറ്റം സാദ്ധ്യമാകുന്ന രീതിയിലേക്ക് നിരവധി പഠന പ്രചാരണ പരിപാടികളും ആദ്യഘട്ടങ്ങളിൽ നടത്തും. കില, കേരള ആരോഗ്യ സർവകലാശാല എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.