കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന വിവിധ പരിപാടികൾക്കും ക്ഷേത്രത്തിൽ വൈകിട്ട് നടക്കുന്ന ചുറ്റുവിളക്കും ദർശിക്കാനും ഭക്തജനങ്ങളുടെ വൻതിരക്ക്. ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ എട്ടാം ദിവസമായ ഇന്ന് രാവിലെ 8നും വൈകിട്ട് 5നും ആറാട്ടുപുഴ പ്രദീപും സംഘവും നടത്തുന്ന ഓട്ടൻതുള്ളൽ അരങ്ങേറും. രാവിലെ 7.30ന് നടക്കുന്ന സംഗീതോത്സവം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് നൃത്തനൃത്ത്യങ്ങൾ, മോഹിനിയാട്ടം, കാവിൽ ദേവദത്ത് മാരാരുടെ കുടുക്കുവീണക്കച്ചേരി, കുറുത്തിയാട്ടം, നൃത്തനൃത്ത്യങ്ങൾ എന്നിവ അരങ്ങേറും. വൈകിട്ട് 5ന് പുസ്തകങ്ങൾ പൂജയ്ക്ക് വയ്ക്കും. ദുർഗ്ഗാഷ്ടമി ദിവസമായ തിങ്കളാഴ്ച രാവിലെ ഓട്ടൻതുള്ളൽ അവതരിപ്പിക്കും. വൈകിട്ട് നാഗസ്വര വിദ്വാൻ കോട്ടപ്പടി സുരേന്ദ്രൻ അവതരിപ്പിക്കുന്ന നാഗസ്വരക്കച്ചേരി, നവരാത്രി മണ്ഡപത്തിൽ പഞ്ചരത്‌ന കീർത്തനാലാപനത്തോടെ സംഗീതോത്സവം സമാപിക്കും. തുടർന്ന് കേളീരവം തൃപ്പൂണിത്തറയുടെ കിരാതം കഥകളിയും അരങ്ങേറും. മഹാനവമി ദിവസം രാവിലെ നൃത്തോത്സവം, ഓട്ടൻതുള്ളൽ, തിരുവാതിരക്കളി, നൃത്തനൃത്ത്യങ്ങൾ, കലൂർ ജയന്റെ ഡബിൾ തായമ്പക, സോപാനസംഗീതം, വിജയദശമി ദിവസം രാവിലെ വിദ്യാരംഭം, 11ന് അക്ഷരശ്ലോക സദസ്, വൈകിട്ട് തിരുവാതിരക്കളി, നൃത്തനൃത്ത്യങ്ങൾ എന്നിവ നടക്കും.