പെരങ്ങോട്ടുകര: വിജയദശമി ദിനത്തിൽ ചെമ്മാപ്പിള്ളി ഇതിഹാസ സ്മരണകളാൽ നിറയും. രാമസേതു നിർമ്മാണത്തെ സ്മരിക്കുന്ന ചിറകെട്ട്, ശ്രീരാമഭഗവാനെ ഓർത്തുകൊണ്ട് സേതുബന്ധന വന്ദനം, ശബരി മാതാവ് ശ്രീരാമനെ സ്വീകരിച്ചതിനെ ഓർമ്മിച്ചുള്ള ശബരി സത്കാരം എന്നിവയുമുണ്ടാവും. മുതലപ്പുറത്തേറി വരുന്ന തൃപ്രയാർ തേവരെ വരവേൽക്കാൻ വീടുകളിൽ ഭക്തർ തൃക്കാരയപ്പനെ പ്രതിഷ്ഠിച്ച് തയ്യാറെടുക്കും. 5ന് പുലർച്ചെ ആദ്യ നിയമവെടിക്ക് ശേഷം അവകാശികളായ പനോക്കി തറവാട്ടിലെ കാരണവന്മാർ തൃക്കാരയപ്പനെ പ്രതിഷ്ഠിക്കുന്നതോടെയാണ് ചിറകെട്ട് ചടങ്ങുകൾ ആരംഭിക്കുക.
തുടർന്ന് പരമ്പരാഗത രീതിയിലുള്ള പൂജകൾ നടക്കും. ചിറകെട്ട് തീരും വരെ ചെണ്ടകൊട്ട് ഉണ്ടാകും. രാവിലെ 9ന് ചെമ്മാപ്പിള്ളി ആനേശ്വരം മഹാദേവ ക്ഷേത്രത്തിൽ തമ്പോലവും നാഗസ്വരവും കാവടിയാട്ടവും നടക്കും. രാവിലെ 11ന് ശബരി സത്കാരം, ഉച്ചക്ക് 2.30 മുതൽ കൈകൊട്ടിക്കളി, ശിങ്കാരിമേളം, കുമ്മാട്ടി ഘോഷയാത്ര, ചിന്തുപാട്ട് എന്നിവയും നടക്കും. വൈകിട്ട് ശീവേലി കഴിഞ്ഞ് പഞ്ചവാദ്യത്തോടുകൂടിയുള്ള എഴുന്നള്ളിപ്പ് ശ്രീരാമസ്വാമി ക്ഷേത്രത്തിൽനിന്നും ആരംഭിക്കും. തുടർന്ന് സേതുബന്ധന വന്ദനം. കൊട്ടാരവളപ്പിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന വിഭവസമർപ്പണവും അവകാശവിതരണവും കഴിയുന്നതോടെ ചിറകെട്ടോണം ചടങ്ങുകൾ സമാപിക്കും.