cow

പാലപ്പിള്ളി : പേയിളകിയ പശു ചത്തു. പശുക്കുട്ടി നിരീക്ഷണത്തിൽ. ഇതോടെ വീടുകളിൽ കെട്ടിയിട്ട് വളർത്തുന്ന പശുക്കൾക്കെല്ലാം വാക്‌സിൻ നൽകാൻ വരന്തരപ്പിള്ളി പഞ്ചായത്തിന്റെ അടിയന്തര യോഗം തീരുമാനിച്ചു. ഇതോടൊപ്പം പേ വിഷ ബാധ പൂർണ്ണമായും ഒഴിയുന്ന മുറയ്ക്ക് തോട്ടങ്ങളിൽ മേഞ്ഞു നടക്കുന്ന പശുക്കളെ പിടികൂടി ലേലം ചെയ്യാനും യോഗം തീരുമാനിച്ചു. എച്ചിപ്പാറ ചക്കുങ്കൽ അബ്ദുള്ളയുടെ പശുവാണ് ഇന്നലെ ചത്തത്. രണ്ട് ദിവസമായി പേ ലക്ഷണങ്ങൾ കാട്ടിയിരുന്നു. കറവ ഉണ്ടായിരുന്നതിനാൽ പാലും ഉപയോഗിച്ചിരുന്നു.
എച്ചിപ്പാറ മേഖലയിൽ പേവിഷബാധ വ്യാപകമായ സാഹചര്യത്തിൽ വരന്തരപ്പിള്ളി പഞ്ചായത്ത് അടിയന്തരമായാണ് യോഗം ചേർന്നത്. പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ അദ്ധ്യക്ഷയായി. രണ്ടാഴ്ച മുമ്പ് പേ ലക്ഷണം കാട്ടി ഓടി നടന്നിരുന്ന പശുവിനെ ഇവിടെ വെടിവെച്ച് കൊന്നിരുന്നു. നാല് ദിവസം മുമ്പ് തോട്ടത്തിൽ മേഞ്ഞു നടന്നിരുന്ന രണ്ട് പശുക്കളും ഒരു എരുമയും ചത്തിരുന്നു. കൂടാതെ ഒരു മാനിനെയും ഏതാനും കാട്ടുപന്നികളെയും ചത്ത നിലയിൽ കണ്ടെത്തി.