kodi

തൃശൂർ : സി.പി.എം സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ കോടിയേരി ബാലകൃഷ്ണന്റെ രണ്ടാമൂഴം ആരംഭിച്ചത് തൃശൂരിൽ നിന്നാണ്. 2015ൽ ആലപ്പുഴ സമ്മേളനത്തിലാണ് ആദ്യമായി സെക്രട്ടറിയായത്. തുടർന്ന് 2018ൽ തൃശൂരിലെ സമ്മേളനം തികഞ്ഞ അച്ചടക്കത്തോടെ നടത്താൻ സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ നേതൃത്വം വഹിച്ചു.
വീണ്ടും പാർട്ടിയുടെ ചുമതല അദ്ദേഹത്തെ ഏൽപ്പിക്കാൻ ആർക്കും എതിർ അഭിപ്രായമുണ്ടായിരുന്നില്ല, സ്വയം ഒഴിയുന്നത് വരെ.

തൃശൂരിലെ പാർട്ടിയുടെ പ്രവർത്തനങ്ങളിൽ ശക്തമായ ഇടപെടലും നടത്തി. പാർട്ടിയുടെ നിലപാടുകൾ അവതരിപ്പിക്കുന്നതിൽ അദ്ദേഹം പ്രതേക ശ്രദ്ധ പുലർത്തി. ആഭ്യന്തര, ടൂറിസം മന്ത്രി എന്ന നിലയിൽ ജില്ലയിൽ നിരവധി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആഭ്യന്തരമന്ത്രി എന്ന നിലയിൽ പൊലീസ് അക്കാഡമിയിൽ നിരവധി പ്രവർത്തനങ്ങളും നടത്തി. വിദ്യാർത്ഥി നേതാവായിരിക്കെ തൃശൂരുമായി ഏറെ അടുപ്പം പുലർത്തിയിരുന്നു. വിദ്യാർത്ഥി നേതാവായിരിക്കെ മിസ തടവുകാരനായി ജയിലിൽ അടക്കപ്പെട്ട അദ്ദേഹത്തിന് ജയിൽ മോചിതനായ ശേഷം ആദ്യമായി സ്വീകരണം നൽകിയത് തൃശൂർ ടൗൺ ഹാളിൽ വെച്ചായിരുന്നു. ജില്ലയിൽ നടന്ന നിരവധി സമരങ്ങളിൽ പങ്കുകൊണ്ടു.

മറക്കാനാകാത്ത ആത്മബന്ധം

ഒരിക്കലും മറക്കാനാകാത്ത ആത്മബന്ധമായിരുന്നു കോടിയേരിയുമായുണ്ടായിരുന്നത്. ഏതു പ്രശ്‌നങ്ങളെയും സമചിത്തതയോടെ നേരിട്ട് പരിഹരിക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. നിയമസഭയിലും അദ്ദേഹത്തോടൊപ്പം ഒന്നിച്ച് പ്രവർത്തിക്കാനായി. സഖാവിന്റെ അകാല വിയോഗം സി.പി.എമ്മിനും കേരളത്തിലെ പൊതു സമൂഹത്തിനും തീരാ നഷ്ടമാണിത്.

കെ.രാധാകൃഷ്ണൻ
മന്ത്രി