car-thee
തൃപ്രയാർ പാലത്തിനു സമീപം ഓടിക്കൊണ്ടിരിക്കെ കത്തിയ കാറിന്റെ തീയണക്കാനുള്ള ഫയർഫോഴ്‌സിന്റെ ശ്രമം.

തൃപ്രയാർ: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. നാലംഗം കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. കൂനംമൂച്ചി മേലിട്ട് തരകൻ വീട്ടിൽ ജോഫിയും കുടുംബവുമാണ് വൻ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് 2.15 ഓടെ തൃപ്രയാർ പാലത്തിന്റെ പടിഞ്ഞാറെക്കരയിലാണ് സംഭവം.

കാറിനു മുൻപിൽ നിന്ന് പുക ഉയരുന്നതുകണ്ട് മറ്റു വാഹനങ്ങളിലെ യാത്രക്കാർ ബഹളം വച്ചപ്പോഴാണ് കാറിലുണ്ടായിരുന്നവർ വിവരം അറിഞ്ഞത്. ഉടൻ കാർ നിറുത്തിയെങ്കിലും പെട്ടെന്ന് തുറക്കാനായില്ല. കാറിന്റെ സെന്റർ ലോക്ക് കുരുങ്ങിയിരുന്നു. പിന്നീട് കരുതലോടെ ഡോർ തുറന്ന് നാലുപേരും പെട്ടെന്ന് പുറത്തിറങ്ങി. അപ്പോഴേക്കും തീ പടർന്ന് പൊട്ടിത്തെറിയും ഉണ്ടായി.

ഗ്യാസിലും പെട്രോളിലും ഓടുന്ന കാറായതിനാൽ അപകടം ഉണ്ടാവുമെന്ന് എല്ലാവരും ഭയന്നു. അപകട സമയത്ത് പെട്രോളിലായിരുന്നു. പൊട്ടിത്തെറി ഭയന്ന് രക്ഷാപ്രവർത്തനം നടന്നില്ല. ഫയർഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. അപ്പോഴേക്കും എൻജിൻ മുഴുവൻ കത്തിയിരുന്നു.

സ്റ്റേഷൻ ഓഫീസർ പ്രേമരാജന്റെ നേതൃത്വത്തിൽ ജി. അനീഷ്, വി.എസ് അഖിൽ, എൻ.യു. അൻസാർ, വിഷ്ണുദാസ്, രതീഷ്, ടി.വി. ഷാജി എന്നിവർ അടങ്ങിയ സംഘമാണ് തീ അണച്ചത്. കൂനംമൂച്ചിയിൽ നിന്നും പഴുവിലിലുള്ള ബന്ധുവീട്ടിലേക്ക് പോവുകയായിരുന്ന കുടുംബമാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.