പാവറട്ടി: വിവാദങ്ങൾക്ക് വിട നൽകി പെരുവല്ലൂർ പരപ്പുഴപ്പാലം നിർമ്മാണം പൂർത്തിയായി. പാലം ഉദ്ഘാടനം ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനം. റോഡുകളുമായി പാലത്തെ ബന്ധിപ്പിക്കുന്ന ഭാഗം കട്ട വിരിക്കലും പാലത്തിന്റെ ഇരുഭാഗങ്ങളിലും വഴിയാത്രക്കാർക്ക് നടക്കാനുള്ള ഫുഡ്പ്പാത്തും പൂർത്തിയായി. പാലത്തിന്റെ കൈവരികളിലും നടപ്പാതയിലുമെല്ലാം റിഫ്‌ളക്ടർ പേപ്പറുകൾ പതിച്ചിട്ടുണ്ട്.
പെരുവല്ലൂർ പരപ്പുഴ പാലത്തിന്റെ ദയനീയ അവസ്ഥ സംബന്ധിച്ച് കേരളകൗമുദിയാണ്ആദ്യം വാർത്ത നൽകുന്നത്. തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് പാലം പുനർനിർമ്മാണത്തിന് തുടക്കം കുറിച്ചത്. ഒരു വർഷമായിരുന്നു പാലം നിർമ്മാണത്തിനായി അനുവദിച്ചിരുന്ന സമയം. 2020 സെപ്തബർ മാസത്തിലാണ് കരാറുകാരൻ പാലം നിർമ്മാണം ആരംഭിക്കുന്നത്. പഴയ പാലം പൊളിച്ച് സമാന്തര റോഡ് നിർമ്മിച്ചിരുന്നെങ്കിലും അശാസ്ത്രീയമായി പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച സമാന്തര പാത കാലവർഷം കനത്തതോടെ പൊളിച്ചു മാറ്റുകയായിരുന്നു. ഇതോടെ 5 കിലോമീറ്റർ ചുറ്റി എളവള്ളി- കോക്കൂർ വഴിയായിരുന്നു മഴക്കാലത്ത് ജനം ദുരിതയാത്ര നടത്തിയത്. പൊതുമരാമത്ത് വകുപ്പിന്റെ തലതിരിഞ്ഞ ഈ നടപടിക്കെതിരെ വിവിധ കോണുകളിൽ നിന്നും ഏറെ വിമർശനമുയർന്നിരുന്നു. കരാറുകാരൻ നിശ്ചിത സമയം പിന്നിട്ടിട്ടും പാലം പൂർത്തിയാക്കാൻ വൈകുന്നതിനെതിരെ നിസംഗഭാവം പിന്തുടർന്ന മുരളി പെരുനെല്ലി എം.എൽ.എയ്‌ക്കെതിരെയും രൂക്ഷമായ വിമർശനമുണ്ടായി. ഇതു സംബന്ധിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു. തുടർന്ന് എം.എൽ.എയുടെ ഭാഗത്ത് നിന്ന് ശക്തമായ ഇടപെടലുകൾ ഉണ്ടാകുകയും പാലം നിർമ്മാണം പൂർത്തിയാകുകയുമായിരുന്നു.
2 വർഷം എടുത്താണ് പരപ്പുഴപ്പാലം നിർമ്മാണം പൂർത്തിയായത്. നിരവധി സമരമുഖങ്ങൾ ഏറ്റുവാങ്ങിയ പരപ്പുഴപ്പാലം ഇനി എന്നാണ് ഗതാഗതത്തിനായി തുറന്നുകൊടുക്കുക എന്നാണ് ജനം ഉറ്റുനോക്കുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ആയിരിക്കും പാലം ഉദ്ഘാടനം നിർവഹിക്കുക എന്നാണ് അറിയുന്നത്. പാലം ഉദ്ഘാടനം അനന്തമായി നീണ്ടുപോയാൽ പുതിയ സമരമുഖങ്ങൾക്കും പരപ്പുഴ പാലം വേദിയാകാനിടയുണ്ട്.
പതിനൊന്നര മീറ്റർ വീതി, 37.5 മീറ്റർ നീളം
പാവറട്ടി- അമല നഗർ റോഡിലാണ് പതിനൊന്നര മീറ്റർ വീതിയിൽ ഫുഡ്പ്പാത്തും 12.5 മീറ്റർ നീളത്തിൽ 3 സ്പാനുകളുമടക്കം 37.5 മീറ്റർ നീളത്തിലുള്ള പാലം നിർമ്മിച്ചിരിക്കുന്നത്. മണലൂർ എം.എൽ.എ മുരളി പെരുനെല്ലിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും മൂന്നു കോടി 87 ലക്ഷം രൂപ ആണ് പാലത്തിനായി അനുവദിച്ചത്.