വരന്തരപ്പിള്ളി: വളർത്തുമൃഗങ്ങൾക്കും വന്യമൃഗങ്ങൾക്കും പേവിഷ ബാധ നിലനിൽക്കുന്ന എച്ചിപ്പാറയിൽ നാളെ എല്ലാ വളർത്തുമൃഗങ്ങൾക്കും പഞ്ചായത്തിന്റെ നേതൃത്വത്തിൽ പേവിഷ വാക്‌സിൻ നൽകും. ഇതിനായി എച്ചിപ്പാറ സെന്ററിൽ നാളെ രാവിലെ 10 മുതൽ മെഗാ വാക്‌സിനേഷൻ ക്യാമ്പും സംഘടിപ്പിക്കും. ഇതിന് ആവശ്യമായ വാക്‌സിൻ മൃഗശുപത്രിയിൽ എത്തിക്കഴിഞ്ഞതായി പഞ്ചായത്ത് അംഗം അഷ്‌റഫ് ചാലിയത്തൊടി അറിയിച്ചു. വരന്തരപ്പിള്ളി പഞ്ചായത്ത് വെറ്ററിനറി സർജനാണ് പ്രധാന ചുമതല. വീട്ടിൽ വളർത്തുന്ന പശുക്കൾ ഉൾപ്പെടെയുള്ള എല്ലാ വളർത്തു മൃഗങ്ങൾക്കും നാളെ വാക്‌സിൻ നൽകും. തുടർന്ന് വീട്ടുകാർ ഇവറ്റയെ 40 ദിവസം കെട്ടിയിട്ട് നിരീക്ഷിക്കണം. റബ്ബർ തോട്ടങ്ങളിൽ അലഞ്ഞു തിരിയുന്ന പശുക്കളെ ബുധനാഴ്ച മുതൽ പിടികൂടി വാക്‌സിനേഷൻ നടത്തും. പതിനഞ്ച് ദിവസം ഇവയെ നിരീക്ഷിച്ചതിന് ശേഷം ഉടമകൾക്ക് കൈമാറും. ഇവയെ സംരക്ഷിക്കുന്നതിനായി ചെലവായ പണം ഉടമകൾ പഞ്ചായത്തിൽ അടക്കേണ്ടതുണ്ട്.