ankan

ചെറായി സ്മാർട്ട് അംഗൻവാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹീർ നിർവഹിക്കുന്നു.

പുന്നയൂർക്കുളം: കുട്ടികൾക്ക് കളിക്കാനും പഠിക്കാനുമായി ആധുനിക സൗകര്യങ്ങളോടെ പുന്നയൂർക്കുളം, ചെറായി സ്മാർട്ട് അംഗൻവാടിയും. പുതുക്കിപ്പണിത അംഗൻവാടി പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹീർ ഉദ്ഘാടനം ചെയ്തു. 18.20 ലക്ഷം ചെലവിലാണ് മൂന്നാം വാർഡിൽ 2.5 സെന്റ് സ്ഥലത്ത് ഇരുനിലക്കെട്ടിടമുള്ള അംഗൻവാടി നിർമ്മിച്ചിട്ടുള്ളത്.
വൈസ് പ്രസിഡന്റ് ഇ.കെ. നിഷാദ് അദ്ധ്യക്ഷത വഹിച്ചു. സിനിമാതാരം ഗിന്നസ് പക്രു മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം റഹീം വീട്ടിപറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്രീഷ്മ ഷനോജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രേമ സിദ്ധാർഥൻ, പഞ്ചായത്ത് സെക്രട്ടറി ടി. മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.

ഹൈടെക് സൗകര്യങ്ങൾ

ശിശുസൗഹൃദവും വിശാലവുമായ ക്ലാസ് റൂം, അകത്തും പുറത്തും കളിസ്ഥലം, പ്രത്യേക മാറ്റ്, ആധുനിക അടുക്കള, ഡൈനിംഗ്, ശിശുസൗഹൃദ ടോയ്‌ലറ്റ്, ചുറ്റുമതിൽ തുടങ്ങിയ സൗകര്യങ്ങളുണ്ട്. ചുവരുകളിൽ കുട്ടികളുടെ പ്രിയപ്പെട്ട കാട്ടിലെ കണ്ണനും ഡോറാ, ബുജിയുമടങ്ങിയ കാർട്ടൂൺ കഥാപാത്രങ്ങളും പുത്തൻ കളിപ്പാട്ടങ്ങളും സ്മാർട്ട് ടി.വിയുമുണ്ട്.