aaaaa

കാഞ്ഞാണി: കണ്ടശ്ശാംകടവിൽ കുട്ടികളുടെ പാർക്കിന് സുരക്ഷിതത്വം ഇല്ലെന്ന് പരാതി. കണ്ടശ്ശാംകടവ് സൗഹൃദതീരത്തുള്ള കുട്ടികളുടെ പാർക്കിനാണ് സുരക്ഷിതത്വം ഇല്ലെന്ന് പരാതി ഉയരുന്നത്. ജലസേചന വകുപ്പ് പാർക്കിന്റെ സംരക്ഷണ ഭിത്തിയോട് ചേർന്നുള്ള ഭാഗം ഇടിഞ്ഞ് വലിയഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്.

ടൂറിസം വകുപ്പ് നിർമ്മിച്ച കുട്ടികളുടെ പാർക്ക് അടുത്തിടെയാണ് പഞ്ചായത്തിന് കൈമാറിയത്. ടി.എൻ. പ്രതാപൻ എം.പിയുടെ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും പാർക്കിന്റെ പുനരുദ്ധാരണം വൈകുകയാണ്. ആദ്യം നിർമ്മിതി കേന്ദ്രയെ നിർമ്മാണം ഏൽപ്പിച്ചത് സാങ്കേതിക തടസം മൂലം വൈകിയിരുന്നു.

നിർമ്മാണം മുടങ്ങിയതിനെത്തുടർന്ന് തൃശൂർ ജില്ലാ ലേബർ കോൺട്രാക്ടേഴ്സ് അസോസിയേഷനെയാണ് പ്രവൃത്തികൾ ഏൽപ്പിച്ചിരിക്കുന്നത്. എസ്റ്റിമേറ്റിന്റെ ആദ്യ 20 ശതമാനം ഇതിനകം കൈമാറിയിട്ടുണ്ട്. നിർമ്മാണം ഈ മാസം 18ന് തുടങ്ങുമെന്ന് അറിയുന്നു.

പരിക്കേൽക്കുന്നു

കുട്ടികൾ പാർക്കിനുള്ളിൽ ഓടിക്കളിക്കുമ്പോൾ ഗർത്തങ്ങളിൽ വീഴുമോയെന്ന ഭീതിയിലാണ് രക്ഷിതാക്കൾ. പാർക്കിനുള്ളിൽ മണൽ ഇല്ലാത്തതിനാൽ ഓടിക്കളിക്കുമ്പോൾ കുട്ടികൾ വീഴുമ്പോഴും മറ്റും പരിക്കേൽക്കുന്നുണ്ട്.

കണ്ടശ്ശാംകടവ് സൗഹൃദതീരം പാർക്കിന്റെ നിർമ്മാണം വൈകിയത് സാങ്കേതിക തടസം മൂലമാണ്. പുതിയ കരാറുകാർ ഈ മാസം നിർമ്മാണം തുടങ്ങുന്നതോടെ പരാതികൾക്ക് പരിഹാരമാകും.

- പി.ടി. ജോൺസൻ, പഞ്ചായത്ത് പ്രസിഡന്റ്