കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്ത് വികസനക്കുതിപ്പിലേക്ക്. പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് കരുത്തേകുന്ന ജി.ഐ.എസ് പദ്ധതിയുടെ ഭാഗമായി ഇന്റലിജന്റ് പഞ്ചായത്ത് പ്രഖ്യാപനം ഒക്ടോബർ ആറിന് പകൽ 12ന് ശ്രീനാരായണപുരം തേവർ പ്ലാസ ഓഡിറ്റോറിയത്തിൽ മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. ഇ.ടി. ടൈസൺ എം.എൽ.എ അദ്ധ്യക്ഷനാകും. ബെന്നി ബെഹനാൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിഡ്, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, ഡി.ഡി പി. ബെന്നി ജോസഫ് തുടങ്ങിയവർ പങ്കെടുക്കും. ഡ്രോൺ, ഡി.ജി.പി.എസ്, ലേസർടാപ്പ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യയിൽ അടിസ്ഥാനമാക്കി ദൃഷ്ടി വെബ് പോർട്ടലും, ജിയോ സ്മാർട്ട് മൊബൈൽ ആപ്ലിക്കേഷനും രൂപകൽപ്പന ചെയ്തതിട്ടുണ്ട്.
പരിഹരിക്കാൻ എളുപ്പം
ഭൗമ വിവര സാങ്കേതിക വിദ്യയിൽ അധിഷ്ടിതമായി പ്രദേശ നിവാസികളുടെ വിവരങ്ങൾ, ഫോട്ടോ സഹിതം കെട്ടിടങ്ങളുടെ വിസ്തീർണം, റോഡുകൾ, പാലങ്ങൾ, ലാൻഡ് മാർക്കുകൾ മൊബൈൽ ആപ്ലിക്കേഷൻ മുഖാന്തിരം തൊഴിൽ അന്വേഷകർക്ക് തൊഴിൽ കണ്ടെത്തുന്നതിനും തൊഴിൽ ദാതാക്കൾക്ക് നൈപുണ്യം ഉള്ളവരെ കണ്ടെത്തുന്നതിനും, ജനങ്ങളുടെ പരാതികളും അഭിപ്രായങ്ങളും പഞ്ചായത്ത് അധികാരികളെ അറിയിക്കുന്നതിനും ഉതകുന്ന മൊബൈൽ അപ്ലിക്കേഷൻ കൂടി വേദിയിൽ സമർപ്പിക്കും.
ആധുനിക വിവര സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള വികസന വിപ്ലവത്തിന്റെ പുതുയുഗത്തിന് നാന്ദി കുറിക്കുന്ന ജില്ലയിലെ ആദ്യത്തെ ഇന്റലിജന്റ് പ്രഖ്യാപനമായിരിക്കും ഇത്. മൊബൈൽ ആപ്ലിക്കേഷൻ മുഖാന്തരം സ്ട്രീറ്റ് ലൈറ്റുകളുടെ പരാതികൾ നൽകുന്നതിനും അധികൃതർക്ക് പരാതികൾ എളുപ്പത്തിൽ പരിഹരിക്കാനും സാധിക്കും.
- എം.എസ്. മോഹനൻ, പഞ്ചായത്ത് പ്രസിഡന്റ്