പാവറട്ടി: ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിലെ ഗ്രൗണ്ട് നവീകരണ പ്രവർത്തനങ്ങൾ ചിറ്റാട്ടുകര ചർച്ച് വികാരി റവ. ഫാ.വിൽസൺ പിടിയത്ത് ഉദ്ഘാടനം ചെയ്തു.
മുൻകാലങ്ങളിൽ നെൽപ്പാടമായിരുന്ന ഗ്രൗണ്ട്, ഹൈസ്‌കൂളായി ഉയർത്തിയ കാലഘട്ടത്തിൽ നികത്തപ്പെട്ടുവെങ്കിലും കുറച്ചു വർഷങ്ങളായി ഗ്രൗണ്ട് മഴക്കാലത്ത് തീരെ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. എല്ലാവർഷവും നടത്തിവരുന്ന ഫുട്ബാൾ ടൂർണമെന്റും സ്‌കൂൾ തലമത്സരങ്ങളും മഴയെ മുൻനിറുത്തി പലപ്പോഴും ഉപേക്ഷിക്കേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്. ഈയൊരു സാഹചര്യത്തിലാണ് സ്‌കൂൾ മാനേജ്‌മെന്റ് ഗ്രൗണ്ട് നവീകരണവുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ തുടങ്ങിവച്ചത്.
ഹെഡ്മാസ്റ്റർ എം.കെ. സൈമൺ, ട്രസ്റ്റിമാരായ സി.സി. ജോസഫ്, സി.ജെ. സ്റ്റാൻലി, സി.കെ. സെബി, സ്‌കൂൾ ഉപദേശക സമിതി അംഗങ്ങളായ ജസ്റ്റിൻ തോമസ്, സി.എഫ്. ജസ്റ്റിൻ, ഒ.എസ്.എ പ്രസിഡന്റ് വർഗീസ് മാനത്തിൽ, ഗായത്രി നാഥൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

നവീകരണത്തിന് ചെലവ് 10 ലക്ഷത്തോളം
തൃശൂരിൽ പണിയുന്ന അദ്ധ്യാപക ഭവന്റെ നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് എടുക്കേണ്ടിവന്ന മണ്ണാണ് സ്‌കൂൾ ഗ്രൗണ്ട് നവീകരണത്തിന് വിദ്യാഭ്യാസ ഉപ ഡയറക്ടർ മദനമോഹനൻ അനുവദിച്ച് നൽകിയത്. 240 യൂണിറ്റ് മണ്ണാണ് ഗ്രൗണ്ടിന്റെ നവീകരണത്തിനായി ലഭിച്ചത്. ഏകദേശം 10 ലക്ഷത്തോളം രൂപ നിരപ്പാക്കുന്നതിനും കാന സംവിധാനത്തിനുമായി വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.