bus-accident

തൃശൂർ: ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിൽ എട്ടിന് തുടങ്ങുന്ന ബാസ്‌കറ്റ് ബാൾ സംസ്ഥാന സെലക്ഷൻ ക്യാമ്പിൽ അനുജത്തി ലക്ഷ്മിക്ക് വിജയാശംസകൾ നേർന്ന് കോയമ്പത്തൂരിലെ ജോലിസ്ഥലത്തേക്ക് പുറപ്പെട്ടതായിരുന്നു ബാസ്‌കറ്റ് ബാൾ താരം രോഹിത് രാജ് (24). തൃശൂരിൽ നിന്ന് കെ.എസ്.ആർ.ടി.സിയിൽ കയറിയ ശേഷം ഫോൺ ചെയ്തപ്പോൾ മാതാപിതാക്കൾ പറഞ്ഞു; 'എന്നാലിനി മോൻ ഉറങ്ങിക്കോ,​ എത്തിയിട്ട് വിളിച്ചാൽ മതിയെന്ന്". പിന്നെ വന്നത് രോഹിത്തിന്റെ മരണവാർത്തയായിരുന്നു. വടക്കഞ്ചേരി ബസ് അപകടത്തിൽ തൃശൂർ നടത്തറ മൈനർ റോഡ് തെക്കുട്ട് വീട്ടിൽ രവിയുടെ (രാജു) മകൻ രോഹിത് രാജ് തലയുടെ പിൻഭാഗത്തേറ്റ ഇടിയുടെ ആഘാതത്തിലാണ് മരിച്ചത്. പൊലിഞ്ഞതാകട്ടെ മികച്ച ബാസ്കറ്റ് ബാൾ താരമായിക്കാണാനുള്ള നാടിന്റെ സ്വപ്നവും. ജോലിക്കൊപ്പം കോയമ്പത്തൂരിലെ ഒരു പ്രൊഫഷണൽ ടീമിൽ ചേർന്നിരുന്നു. തൃശൂരിൽ ജില്ലാതലത്തിൽ കളിക്കാറുണ്ടായിരുന്ന രോഹിത്ത് എട്ടിൽ പഠിക്കുമ്പോഴാണ് പരിശീലനം തുടങ്ങിയത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിന്റെയും കൊരട്ടി നൈപുണ്യ കോളേജിന്റെയും ബാസ്‌കറ്റ് ബാൾ ടീം അംഗമായിരുന്നു. പത്തനംതിട്ട ജില്ലാ ടീമിനായും കളിച്ചിട്ടുണ്ട്. ദേശീയ കോർഫ്ബാൾ താരവുമായിരുന്നു. രണ്ടുമാസം മുമ്പ് കോയമ്പത്തൂരിൽ ജോലിക്ക് ചേർന്നതിനു പിന്നിൽ തമിഴ്‌നാട് സംസ്ഥാന ടീമിൽ കളിക്കുകയെന്ന ലക്ഷ്യവുമുണ്ടായിരുന്നു. ബി.ബി.എയ്ക്ക് ജയിക്കാനുണ്ടായിരുന്ന ഒരു പരീക്ഷയെഴുതാൻ തയ്യാറെടുക്കുന്നതിനിടെയാണ് കോയമ്പത്തൂരിൽ ജോലിക്കും അവിടെത്തന്നെ ഡിപ്ലോമ കോഴ്‌സിനും ചേർന്നത്. നവരാത്രി അവധിക്ക് നാട്ടിലെത്തിയിട്ട് തിരിച്ചുപോകവേയായിരുന്നു അപകടം.

ബാസ്‌കറ്റ് ബാളിലുള്ള മക്കളുടെ താത്പര്യത്തെ മാതാപിതാക്കളായ ലതികയും രവിയും പ്രോത്സാഹിപ്പിച്ചിരുന്നു. പൂച്ചട്ടി ഭാരതീയ വിദ്യാഭവനിൽ പഠിക്കുമ്പോൾ അവിടത്തെ കായികാദ്ധ്യാപകനായ ആന്റോയും പ്രോത്സാഹിപ്പിച്ചു. എട്ടാം ക്ലാസ് മുതൽ ഇന്ത്യൻ കോച്ച് പി.സി. ആന്റണിക്ക് കീഴിലാണ് രോഹിത്ത് പരിശീലിച്ചത്. സമ്മർ ക്യാമ്പിലേക്ക് അനുജത്തിയെയും കൂട്ടി പോകാറുണ്ടായിരുന്ന രോഹിത് പരിശീലനത്തിൽ ചേരാൻ വൈകിയെങ്കിലും വേഗത്തിൽ മെച്ചപ്പെട്ടിരുന്നു. ആറടി രണ്ടിഞ്ച് ഉയരവും അനുഗ്രഹമായി.