തൃശൂർ: വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്ത് കെ.എസ്.ആർ.ടി.സി ബസിന് പിറകിൽ ടൂറിസ്റ്റ് ബസ് ഇടിച്ചുണ്ടായ അപകടത്തിൽപ്പെട്ടവർക്ക് മികച്ച ചികിത്സ ഒരുക്കി തൃശൂർ ഗവ. മെഡിക്കൽ കോളേജിലെ ഡോക്ടർമാരും ജീവനക്കാരും. അപകടത്തിൽ പരിക്കേറ്റ് എത്തിയത് മുതൽ ഡിസ്ചാർജ് ചെയ്യുന്നത് വരെ അതീവ ജാഗ്രതയോടെയുള്ള ടീം വർക്കാണ് മെഡിക്കൽ കോളേജിൽ കണ്ടത്.
ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തണമെന്ന് കളക്ടറുടെ ഓഫീസിൽ നിന്ന് അറിയിപ്പുണ്ടായിരുന്നു. അപകടത്തിന്റെ തീവ്രത കണക്കിലെടുത്ത് മുതിർന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി സൗകര്യം ഒരുക്കി. രോഗികളെ ഉടൻ പരിശോധിച്ച് ആവശ്യമായ ടെസ്റ്റുകളും മറ്റും കാലതാമസം ഇല്ലാതെ നടത്തി ബന്ധപ്പെട്ട വിഭാഗങ്ങളിലേക്ക് മാറ്റി വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാൻ അധികൃതർക്ക് കഴിഞ്ഞു.
പുലർച്ചെയോടെയാണ് പരിക്കേറ്റവരുടെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിയത്. എന്നാൽ അവർ എത്തുംമുമ്പേ വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് ആവശ്യമായ ചികിത്സ നൽകിയിരുന്നു. അതിനാൽ പരിക്കേറ്റ രണ്ടുപേരെ ഒഴികെ ബാക്കിയുള്ളവരെ ബന്ധുക്കൾക്ക് ഒപ്പം വിട്ടയക്കാനുമായി. വന്നവരിൽ ഭൂരിഭാഗം പേരും വിദ്യാർത്ഥികളായതിനാൽ സാന്ത്വനിപ്പിച്ച് വീട്ടുകാരുമായി സംസാരിക്കാൻ സൗകര്യം ഒരുക്കിയും കർമ്മനിരതരായിരുന്നു ആശുപത്രി ജീവനക്കാർ.
സർജറി, ഓർത്തോ, റേഡിയോളജി വിഭാഗങ്ങളാണ് എല്ലാ സജ്ജീകരണങ്ങളുമായി കാത്തുനിന്നിരുന്നത്. അസോസിയേറ്റ് പ്രൊഫസർമാർ, പി.ജി ഡോക്ടർമാർ, നഴ്‌സുമാർ, അറ്റൻഡർമാർ ഉൾപ്പെടെ ആശുപത്രിയിലെ എല്ലാ വിഭാഗം ആളുകളും സേവന സന്നദ്ധരായി രംഗത്തുണ്ടായിരുന്നു. അപകട വിവരം അറിഞ്ഞ് ആദ്യം എത്തിയത് മന്ത്രി കെ. രാധകൃഷ്ണനായിരുന്നു. പിന്നാലെ മന്ത്രി എം.ബി. രാജേഷും സ്ഥലത്തെത്തി മണിക്കൂറുകളോളം ചെലവഴിച്ച് ക്രമീകരണങ്ങൾ ഉറപ്പാക്കിയാണ് മടങ്ങിയത്.
പരിക്കേറ്റവർക്ക് എല്ലാവിധ ചികിത്സയും നൽകണമെന്ന് മന്ത്രിമാർ നിർദ്ദേശിച്ചു. രാവിലെ ഒമ്പതോടെ മന്ത്രി മുഹമ്മദ് റിയാസും ആശുപത്രിയിലെത്തി പരിക്കേറ്റവരെ കണ്ടു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയും എത്തിയിരുന്നു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. നിഷ എം. ദാസ്, സർജറി വിഭാഗം മേധവി ഡോ. രവീന്ദ്രൻ എന്നിവർ ഉൾപ്പെടെയുള്ള മുതിർന്ന ഡോക്ടർമാർ രാത്രി തന്നെ ആശുപത്രിയിലെത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകി കളക്ടർ ഹരിത വി. കുമാറിന്റെ നേതൃത്വത്തിന്റെ ജില്ലാ ഭരണകൂടം കൃത്യമായ നിർദ്ദേശങ്ങളും സഹായവുമായി ഒപ്പമുണ്ടായിരുന്നു.
ഞെട്ടൽ മാറാതെ വിദ്യാർത്ഥികൾ
തൃശൂർ: ദുഃസ്വപ്നമായി ആ ബുധൻ രാത്രി..! വടക്കഞ്ചേരിയിലെ അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച വിദ്യാർത്ഥികളിൽ പലർക്കും ദുരിതപൂർണമായിരുന്നു ആ രാത്രി. 40ലേറെ വിദ്യാർത്ഥികളാണ് ബസിൽ ഉണ്ടായിരുന്നത്. ആഘോഷപൂർവം തുടങ്ങിയ ഉല്ലാസയാത്രയുടെ ദൃശ്യങ്ങൾ പലരും സാമൂഹിക മാദ്ധ്യമങ്ങളിൽ വരെ പങ്കുവച്ചിരുന്നു.
രാത്രി വൈകിയതോടെ അപകടസമയത്ത് പലരും മയക്കത്തിലായിരുന്നു. അതിനാൽ അപകടത്തിന്റെ കൃത്യമായ വിവരം പലർക്കും കൃത്യമല്ല. അമിത വേഗത്തിലാണ് ബസ് എന്ന് ഡ്രൈവറോട് പറഞ്ഞെങ്കിലും കൂസാതെയാണ് പോയിരുന്നതെന്നാണ് വിദ്യാർത്ഥികളുടെ ഭാഷ്യം. പത്താം ക്ലാസിലെ മൂന്നു വിദ്യാർത്ഥികളും ഹയർ സെക്കഡറിയിലെ രണ്ട് വിദ്യാർത്ഥികളുമാണ് മരിച്ചത്.
മെഡിക്കൽ കോളേജിൽ 32 വിദ്യാർത്ഥികളെയാണ് പരിക്കുകളോടെ പ്രവേശിപ്പിച്ചിരുന്നത്. ഇതിൽ രണ്ട് പേർ മാത്രമാണ് ഇപ്പോഴും ചികിത്സയിലുള്ളത്. മറ്റുള്ളവരെ വിട്ടയച്ചു. മെഡിക്കൽ കോളേജിൽ എത്തിച്ച വിദ്യാർത്ഥികളിൽ 15 ഓളം പേർ പത്താം ക്ലാസുകാരായിരുന്നു.