തൃശൂർ: സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണത്തിനുള്ള അരിച്ചാക്കിൽ നിന്നും വിഷാംശമുള്ള കീടനാശിനി കണ്ടെത്തിയ പശ്ചാത്തലത്തിൽ നിതാന്ത ജാഗ്രതയും ഇടവിട്ടുള്ള പരിശോധനയും ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് നിർദ്ദേശം നൽകിയത്. 2019 സെപ്തംബർ 17 ന് മതിലകം സെന്റ് മേരീസ് എൽ.പി സ്കൂളിലെത്തിയ അരിച്ചാക്കിൽ നിന്നും കീടനാശിനി കുപ്പി കണ്ടെത്തിയ സംഭവം യാദൃച്ഛികവും ഒറ്റപ്പെട്ടതുമാണെന്ന് നിരീക്ഷിക്കാൻ കഴിയില്ലെന്നും കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.
ആന്ധ്രയിൽ നിന്നും വന്ന അരിച്ചാക്കിൽ തൊഴിലാളികളുടെ അശ്രദ്ധകാരണമാണ് കീടനാശിനി കുപ്പി കടന്നുകൂടിയതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കമ്മിഷനെ അറിയിച്ചു. മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്താമെന്നും റിപ്പോർട്ടിൽ പറയുന്നു. ടി.കെ. വാസു സമർപ്പിച്ച പരാതിയിലാണ് നടപടി.