 
കെ. സുകുമാരൻ.
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം കൃഷ്ണനാട്ടം കളിയോഗം ആശാനായി വിരമിച്ച കെ. സുകുമാരന്റെ ജീവചരിത്രം ലഘുനോവലായി പുറത്തിറങ്ങുന്നു. തന്റെ ആറരവയസുള്ള മകനുമൊത്ത് നിരാലംബയായി ചേർത്തലയിൽ നിന്ന് പലായനം ചെയ്ത് ഗുരുവായൂരപ്പനിൽ അഭയം തേടി ജീവിതവിജയം നേടിയ സുകുമാരന്റെ അമ്മ നളിനിയാണ് ഈ ചരിത്രകഥയിലെ നായിക. ആറര വയസുള്ള സുകുമാരനും എൺപതു കഴിഞ്ഞ ഗോപാലൻ നായരാശാനും ചേർന്നുള്ള ഗുരുകുല ജീവിതത്തിലൂടെയാണ് കഥ നീങ്ങുന്നത്. നളിനിയുടെ പ്രാർത്ഥനകളിലൂടെ മുന്നേറുന്ന സുകുമാരന്റെ ജീവിതം പിൽക്കാലത്ത് കൃഷ്ണനാട്ടത്തിന്റെ പരമോന്നത പദവിയിൽ എത്തുന്നതാണ് കഥാസാരം. ജീവിതത്തിന്റെ പ്രതിസന്ധികളിലെല്ലാം ഒളിഞ്ഞും തെളിഞ്ഞും അനുഭവപ്പെടുന്ന ഭഗവാന്റെ അനുഗ്രഹസാന്നിദ്ധ്യമാണ് ഇതിന്റെ കഥാതന്തു. കറന്റ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. മാദ്ധ്യമപ്രവർത്തകനായ ജയപ്രകാശ് കേശവൻ രചിച്ച പുസ്തകം നാളെ നോവലിസ്റ്റ് സി.രാധാകൃഷ്ണൻ പ്രകാശനം ചെയ്യും. കറന്റ് ബുക്‌സും ഗുരുവായൂർ മാടമ്പ് കുഞ്ഞുകുട്ടൻ സുഹൃത് സമിതിയും ചേർന്നാണ് പ്രകാശനച്ചടങ്ങ് സംഘടിപ്പിക്കുന്നത്. വൈകിട്ട് നാലുമണിക്ക് രുഗ്മണി റീജൻസിയിൽ ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ദീപം തെളിക്കുന്ന ചടങ്ങ് ഡോ. സുവർണ്ണ നാലപ്പാട്ട് ഉദ്ഘാടനം ചെയ്യും. കറന്റ് ബുക്‌സ് പബ്ലിഷിംഗ് മാനേജർ കെ.ജെ. ജോണി അദ്ധ്യക്ഷനാകും. ഡോ. സി.വി. ആനന്ദബോസ് ഐ.എ.എസ് അനുഗ്രഹ പ്രഭാഷണം നടത്തും. വിശിഷ്ടാതിഥിയായി തൊൽപ്പാവക്കൂത്ത് കലാകാരൻ കെ.കെ. രാമചന്ദ്രപുലവർ പങ്കെടുക്കും. പൊഫ. പി.കെ. ശാന്തകുമാരി പുസ്തകം ഏറ്റുവാങ്ങും. കെ. സുകുമാരനെ ആദരിക്കുന്ന സമാദരണസദസ് നഗരസഭാ അദ്ധ്യക്ഷൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും.