pajayamശ്രീനാരായണ പുരം പഞ്ചായത്തിനെ ജില്ലയിലെ ആദ്യ ഇന്റലിജന്റ് പഞ്ചായത്തായി പ്രഖ്യാപിക്കുന്ന സമ്മേളനത്തിൽ ഇ.ടി. ടൈസൺ എം.എൽ.എ നിലവിളക്ക് കൊളുത്തുന്നു.

ജില്ലയിലെ ആദ്യ ഇന്റലിജന്റ് പഞ്ചായത്തായി ശ്രീനാരായണപുരം പഞ്ചായത്തിനെ പ്രഖ്യാപിച്ചു

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്തിനെ ജില്ലയിലെ ആദ്യ ഇന്റലിജന്റ് പഞ്ചായത്തായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഓൺലൈനായി പ്രഖ്യാപിച്ചു. ഇ.ടി. ടൈസൺ എം.എൽ.എ അദ്ധ്യക്ഷനായി. ദൃഷ്ടി വെബ്‌സൈറ്റിന്റെയും, മൊബൈൽ ആപ്ലിക്കേഷന്റെയും പ്രകാശനവും ചടങ്ങിൽ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി ജോസഫ് എന്നിവർ മുഖ്യാതിഥികളായി.

പഞ്ചായത്ത് സെക്രട്ടറി രഹ്ന പി. ആനന്ദ് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്തിന്റെ പരിധിയിലുള്ള എല്ലാ പൊതു, സ്വകാര്യ ആസ്തികളും ഡിജിറ്റലൈസ് ചെയ്യുക, സമഗ്ര വികസനത്തിനുള്ള സമ്പൂർണ വിവരശേഖരണം നടത്തുക, മനുഷ്യ പ്രകൃതി വിഭവ ഭൂപടം ഡിജിറ്റലായി നിർമ്മിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ശ്രീനാരായണപുരം പഞ്ചായത്ത് ജി.ഐ.എസ് മാപ്പിംഗ് എന്ന പദ്ധതി നടപ്പിലാക്കുന്നത്.

കാര്യക്ഷമമായ പദ്ധതി വിഭാവനം, നിർവഹണം, ദുരന്തനിവാരണം, മെച്ചപ്പെട്ടതും വേഗത്തിലുള്ളതുമായ സർക്കാർ സേവനങ്ങൾ, ക്ഷേമപദ്ധതികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കൽ, ശാസ്ത്രീയതയിലും സാങ്കേതികതയിലും അധിഷ്ഠിതമായ ആസൂത്രണം തുടങ്ങിയവയ്ക്ക് സഹായകമായ വിധത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പുതിയ സാങ്കേതിക വിദ്യകളായ ഡ്രോൺ, ജി.പി.എസ്, ഡി.ജി.പി.എസ്, ജി.ഐ.എസ്, പ്രത്യേകം രൂപകൽപ്പന ചെയ്ത മൊബൈൽ ആപ്ലിക്കേഷൻ എന്നിവ ഉപയോഗിച്ചുള്ള മുഴുവൻ മനുഷ്യ പ്രകൃതി വിഭവങ്ങളും ശാസ്ത്രീയമായി മാപ്പ് ചെയ്യുകയും അവ വിവിധ അപഗ്രഥന സാദ്ധ്യതയുള്ള വെബ് പോർട്ടലിൽ ലഭ്യമാക്കുകയും ചെയ്യും. ചടങ്ങിൽ ജനപ്രതിനിധികളും വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു.