yogam

പുതുക്കാട് കാഞ്ഞൂർ മണ്ണംപേട്ട റോഡ് നവീകരണവുമായി ബന്ധപ്പെട്ടവരുടെ യോഗത്തിൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എ സംസാരിക്കുന്നു.

പുതുക്കാട്: മണ്ഡലത്തിലെ പ്രധാനപ്പെട്ട റോഡായ പുതുക്കാട്, കാഞ്ഞൂർ മണ്ണംപേട്ട റോഡ് നവീകരണം ഉടനെ ആരംഭിക്കും. സ്ഥലം ഏറ്റെടുപ്പിന് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉൾപ്പെടുന്ന ഒരു ജനകീയ കമ്മിറ്റി രൂപീകരിച്ചു. റോഡ് നവീകരണത്തിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും സംയുക്ത യോഗം കെ.കെ. രാമചന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.
റോഡ് വീതി കൂട്ടുന്നതിനായി സ്ഥലം വിട്ടു നൽകാൻ പ്രദേശവാസികൾ തയ്യാറായി. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി സി.പി.എം കൊടകര ഏരിയ കമ്മിറ്റി ഓഫീസ് കോമ്പൗണ്ടിൽ നിന്നും സ്ഥലം വിട്ടുനൽകാമെന്ന് ഏരിയ സെക്രട്ടറി പി.കെ. ശിവരാമൻ യോഗത്തിൽ അറിയിച്ചു. യോഗത്തിൽ സി.പി.എം കൊടകര ഏരിയ സെക്രട്ടറി പി.കെ. ശിവരാമൻ, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അൽജോ പുളിക്കൻ, പഞ്ചായത്ത് അംഗങ്ങളായ സജ്‌ന ഷിബു, ആൻസി ജോബി, സെബി കൊടിയൻ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ദി ക്ലബ് പ്രസിഡന്റ് ആന്റു പുളിക്കൻ, പൊതുമരാമത്ത് വകുപ്പ് ഓവർസിയർ വി.പി. പ്രസാദ്, കെ.എസ്ഇ.ബി എൻജിനിയർ കെ.ഡി. ഷാജു, ജല അതോറിറ്റി ഓവർസിയർ ദിവ്യ തുടങ്ങിയ ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.

റോഡ് നിർമ്മാണം മൂന്ന് കോടി രൂപ ചെലവിൽ
മൂന്ന് കോടി രൂപ ചെലവിൽ ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് റോഡ് നിർമ്മിക്കുന്നത്. 2.250 കിലോമീറ്റർ ദൂരമുള്ള റോഡിൽ 4 കൽവർട്ടുകളും 1750 മീറ്റർ ഡ്രൈനേജും ഉണ്ടായിരിക്കും.