1
ബാസ്കറ്റ് ബാൾ മത്സരത്തിനിടെ രോഹിത്ത് രാജ്.

ഒല്ലൂർ: വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ച നടത്തറ മൈനർ റോഡിൽ രോഹിത് രാജിന് നാടിന്റെ അന്ത്യാഞ്ജലി. കോയമ്പത്തൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ രോഹിത് പൂജാവധി കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് മരണം തട്ടിയെടുത്തത്. മികച്ച ബാസ്‌കറ്റ് ബാൾ താരവും കോൾഫ് താരവുമായിരുന്നു രോഹിത്ത്.

പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ സങ്കടം അണപൊട്ടിയൊഴുകി. അച്ഛൻ രവിയും അമ്മ ലതികയും സഹോദരി ലക്ഷ്മിയും വാവിട്ട് കരയുന്നത് കണ്ട് കൂടിനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു. മികച്ച കായികതാരമാകണമെന്ന മോഹം ബാക്കിവച്ചാണ് രോഹിത് മടങ്ങിയത്. മകൻ ധരിച്ചിരുന്ന ജഴ്‌സി നെഞ്ചോട് ചേർത്ത് പിടിച്ചായിരുന്നു അമ്മ ലതിക മകനെ യാത്രയാക്കിയത്.

ലക്ഷ്മിക്ക് രോഹിത് സഹോദരൻ എന്നതിലേറെ കൂട്ടുകാരനായിരുന്നു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിൽ എട്ടിന് തുടങ്ങുന്ന ബാസ്‌കറ്റ് ബാൾ സംസ്ഥാന സെലക്‌ഷൻ ക്യാമ്പിൽ അനുജത്തി ലക്ഷ്മിക്ക് വിജയാശംസകൾ നേർന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ടതായിരുന്നു രോഹിത്.

സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, കെ.പി. പോൾ, എം.എസ്. പ്രദീപ് കുമാർ, എം.എൽ. ബേബി, അനിൽ പൊറ്റേക്കാട്ട് തുടങ്ങി നൂറുക്കണക്കിന് പേർ അന്ത്യാഞ്ജലി അർപ്പിച്ചു. മൃതദേഹം പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്‌കരിച്ചു.