കൊടുങ്ങല്ലൂർ: കാവിൽക്കടവ് പുല്ലൂറ്റ് പാലത്തിന് സമീപം പൊതുമരാമത്ത് റോഡിനോട് ചേർന്ന് വർഷങ്ങളായി ഉപേക്ഷിച്ച നിലയിൽ കിടക്കുന്ന വാഹനങ്ങൾ എത്രയും വേഗം നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കാൻ താലൂക്ക് വികസന സമിതി യോഗം പൊതുമരാമത്ത് വകുപ്പ് എൻജിനിയർക്ക് നിർദ്ദേശം നൽകി.

മാസങ്ങളായി ഈ ആവശ്യം താലൂക്ക് സഭയിൽ ഉന്നയിച്ചിട്ടും ഇതുവരെയും തീരുമാനം നടപ്പാക്കാൻ കഴിയാത്തതിൽ യോഗം ആശങ്ക രേഖപ്പെടുത്തി. അടുത്ത യോഗത്തിന് മുമ്പ് ഇത് നടപ്പാക്കണമെന്ന് കർശന നിർദ്ദേശം നൽകി. ഉപയോഗശൂന്യമായ വാഹനങ്ങൾ മൂലം റോഡിലൂടെ പോകുന്ന വാഹനങ്ങൾക്ക് മാ‌ർഗ തടസവും കാഴ്ച മറയ്ക്കുന്ന സ്ഥിതിയുമുണ്ട്. ഇത് അപകടങ്ങൾക്കും കാരണമായേക്കാം. കൂടാതെ പാർക്കിംഗിന് അസൗകര്യവും നേരിടുന്നുണ്ട്.

ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിൽ വിദ്യാർത്ഥികളോട് രാവിലെ ആറുമണിക്ക് എത്തിച്ചേരാൻ ആവശ്യപ്പെടുകയും പിന്നീട് മണിക്കൂറുകൾക്കുശേഷം മാത്രം ടെസ്റ്റ് നടത്തുകയും ചെയ്യുന്ന മോട്ടോർ ട്രാൻസ്പോർട്ട് ഉദ്യോഗസ്ഥരുടെ നിലപാടും ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പൊയ്യ വില്ലേജ് ഓഫീസിന് മുൻവശത്ത് മാർഗ തടസം സൃഷ്ടിക്കുന്ന ഷെഡ് എത്രയും വേഗം മാറ്റണമെന്നും റവന്യു അധികാരികളോട് യോഗം ആവശ്യപ്പെട്ടു. നഗരസഭ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ. ചന്ദ്രബാബു, വിനീത മോഹൻദാസ്, തഹസിൽദാർ കെ. രേവ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥന്മാർ എന്നിവർ പങ്കെടുത്തു.