കൊടുങ്ങല്ലൂർ: നഗരസഭ മുൻ കോൺഗ്രസ് കൗൺസിലർ ബിജിലി ഓമനക്കുട്ടൻ സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് ജീവനക്കാരുടെ സംഘടനയിൽ ചേർന്നു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി, മഹിളാ കോൺഗ്രസ് മേത്തല മണ്ഡലം പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂർ ടൗൺ ബാങ്ക് ജീവനക്കാരാനായ ഭർത്താവ് ഓമനക്കുട്ടന്റെ മരണത്തെ തുടർന്നാണ് ബിജിലി കഴിഞ്ഞ തിങ്കളാഴ്ച മുതൽ ബാങ്കിൽ ജോലിയിൽ പ്രവേശിച്ചത്. കുറച്ചു നാളുകളായി ഇവർ കോൺഗ്രസിൽ നിന്ന് അകലം പാലിച്ചിരുന്നു. ഇന്നലെ വൈകിട്ട് ബാങ്കിൽ നടന്ന മെമ്പർഷിപ്പ് വിതരണത്തിലാണ് സി.ഐ.ടി.യു നേതാക്കളിൽ നിന്നും ബിജിലി കെ.സി.ഇ.യു (സി.ഐ.ടി.യു) അംഗത്വമെടുത്തത്. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി എ.എസ്. സിദ്ധാർത്ഥൻ, ഏരിയ സെക്രട്ടറി മുസ്താക് അലി, സി.ഐ.ടി.യു നേതാക്കളായ കെ.എ. വർഗീസ്, ശ്രീജിത്ത്, രാജേഷ് പുല്ലൂറ്റ് തുടങ്ങിയവർ സംസാരിച്ചു.