 
തൃശൂർ: ആധുനിക വിവര വിനിമയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ഭൂരേഖകൾ വേഗത്തിലും സുതാര്യമായും നൽകുന്നത് ലക്ഷ്യമിട്ട് റവന്യൂവകുപ്പ് നടപ്പാക്കുന്ന ഡിജിറ്റൽ സർവേയ്ക്കായി ജില്ലയിൽ തെരഞ്ഞെടുത്തത് 23 വില്ലേജുകൾ. സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ ഒരേസമയം 200 വില്ലേജുകളിലാകും റീസർവേ നടക്കുക. ഡിജിറ്റൽ സർവേക്ക് മുന്നോടിയായി ചേരുന്ന സർവേ സഭകളുടെ ഭാഗമായി ആദ്യഘട്ടത്തിൽ സർവേ നടത്തുന്ന വില്ലേജുകൾ ഉൾപ്പെടുന്ന കോർപറേഷൻ, മുൻസിപൽ, ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷൻമാരുടെ ഓൺലൈൻ യോഗം ചേർന്നു. സംസ്ഥാനത്ത് ആരംഭിക്കുന്ന ഡിജിറ്റൽ സർവേ പദ്ധതി കൊണ്ടുള്ള പ്രയോജനങ്ങൾ ജനങ്ങളിൽ എത്തിക്കുകയാണ് സർവേ സഭയുടെ ലക്ഷ്യം. ഡിജിറ്റൽ സർവേ വലിയ ചുവടുവയ്പാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് യോഗം ഉദ്ഘാടനം ചെയ്ത് പറഞ്ഞു.
മന്ത്രി കെ. രാജൻ അദ്ധ്യക്ഷനായി. സർവേ ഡയറക്ടർ സാംബശിവ റാവു, കളക്ടർമാർ, വകുപ്പ് ഉദ്യോഗസ്ഥർ, കോർപറേഷൻ, മുൻസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷൻമാർ, സെക്രട്ടറിമാർ, വാർഡ് കൗൺസിലർമാർ, മെമ്പർമാർ, വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.
ഗ്രാമസഭകളുടെ മാതൃകയിൽ വാർഡ് തലത്തിൽ സർവേ സഭകൾ രൂപീകരിച്ച് ഡിജിറ്റൽ സർവേയുടെ ലക്ഷ്യം ജനങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യം.
- മന്ത്രി കെ. രാജൻ
തിരഞ്ഞെടുത്ത വില്ലേജുകൾ
ചാവക്കാട്, തൃശൂർ, തലപ്പിള്ളി, കുന്നംകുളം താലൂക്കുകളിലായാണ് സർവേ. വലപ്പാട്, നാട്ടിക, തളിക്കുളം, ഏങ്ങണ്ടിയൂർ, ചിയ്യാരം, മനക്കൊടി, ആലപ്പാട്, കുരിമ്പിലാവ്, ഇഞ്ചമുടി, ചാഴൂർ, കൂർക്കഞ്ചേരി, കണിമംഗലം, വടക്കുമുറി, പടിയം, കാരമുക്ക്, കിഴുപുള്ളിക്കര , പുത്തൂർ, പുള്ള്, കിഴക്കുമുറി, കോട്ടപ്പുറം, ചിറ്റണ്ട, വേലൂർ, തയ്യൂർ.