പാവറട്ടി: തോളൂർ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾക്കായി ഈ സാമ്പത്തിക വർഷത്തിൽ 1,02,33000 രൂപ അനുവദിച്ചതായി സേവ്യർ ചിറ്റിലപ്പിളളി എം.എൽ.എ അറിയിച്ചു. ആരോഗ്യം, കുടിവെള്ളം എന്നീ മേഖലകളിലായുള്ള 2 പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ച് തുക അനുവദിച്ചത്.
തോളൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ വികസനത്തിന് 40 ലക്ഷം രൂപ അനുവദിച്ചു. 39.73 ലക്ഷം രൂപ ഹെൽത്ത് ഗ്രാൻഡായും അനുവദിച്ചിട്ടുണ്ട്. ആകെ 79.73 ലക്ഷം രൂപ വിനിയോഗിച്ച് ആർദ്രം മിഷൻ നിഷ്‌കർഷിച്ച മാനദണ്ഡ പ്രകാരമുള്ള ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കി തോളൂർ സി.എച്ച്.സിയെ മാറ്റും. രോഗീ സൗഹൃദ അന്തരീക്ഷവും ആധുനിക പ്രാഥമികാ ചികിത്സാ സൗകര്യങ്ങളുമുള്ള പുതിയ ആശുപത്രി ബ്ലോക്ക് നിർമ്മിക്കുന്നതിനായി നിലവിലെ ആരോഗ്യ കേന്ദ്രത്തിന്റെ സ്ഥലവും മാസ്റ്റർ പ്ലാനും പരിശോധിച്ച് പദ്ധതി തയ്യാറാക്കും. ഇതിനായി തദ്ദേശ സ്ഥാപന അധികാരികളുടെ യോഗം വിളിച്ചു ചേർക്കും. തോളൂർ ഹെൽത്ത് സെന്ററിനെ തൃശൂർ ഗവ. മെഡിക്കൽ കോളേജിന്റെ ഹരിത ഗ്രാമീണ ആരോഗ്യ പരിശീലന ഗവേഷണ കേന്ദ്രമാക്കി ഉയർത്താൻ ലക്ഷ്യമിടുന്ന 14 കോടി രൂപയുടെ 'ഗ്രീൻ ഹോസ്പിറ്റൽ പദ്ധതി ' തയ്യാറാക്കി പി.എം.ജെ.വി.കെ പദ്ധതിയിലേക്ക് നിർദ്ദേശിച്ചിട്ടുണ്ട്.
തോളൂർ പഞ്ചായത്തിലെ 3, 4 വാർഡുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി തെക്കുംപുറം കുടിവെള്ള പദ്ധതിക്കായി 23 ലക്ഷം രൂപ അനുവദിച്ചു. 22.6 ലക്ഷം രൂപയ്ക്ക് സാങ്കേതികാനുമതി ലഭിച്ചു. ഇതോടെ തെക്കുംപുറം പ്രദേശത്തെ 75 കുടുംബങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകും. പദ്ധതിയുടെ ഭാഗമായി യീൽഡ് ടെസ്റ്റ് പൂർത്തീകരിച്ച് ടാങ്ക് നിർമ്മാണവും പൈപ്പ് ലൈൻ വലിക്കുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണെന്നും പദ്ധതി വേഗത്തിൽ പൂർത്തിയാക്കുമെന്നും സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അറിയിച്ചു.