ചാലക്കുടി: ഭരണപക്ഷവുമായി കടുത്ത ഭിന്നത നിലനിൽക്കുന്നുവെന്നും നഗരസഭാ സെക്രട്ടറി സ്ഥലംമാറ്റത്തിന് ശ്രമിക്കുന്നതായും സൂചന. ചെയർമാന്റെ പേഴ്‌സണൽ അസിസ്റ്റന്റിന്റെ അപ്രമാദിത്വവും ഉദ്യോഗസ്ഥരുടെ നിയന്ത്രണമില്ലാത്ത പ്രവർത്തനത്തിലും മനം മടുത്താണ് സെക്രട്ടറി സ്ഥലം മാറുന്നതിന് ശ്രമം ആരംഭിച്ചതെന്ന് പറയുന്നു. പല കാര്യങ്ങളും സെക്രട്ടറിയെ അറിയിക്കാതെ ചെയർമാന്റെ പി.എ നേരിട്ടു നടത്തുന്നുവെന്ന് പറയുന്നു. ഇതിന് കൗൺസിലർമാർ പലരും ഒത്താശയും ചെയ്യുന്നു. പൊതുമരാമത്ത് വിഭാഗത്തിൽ വലിയതോതിൽ അഴിമതി നടക്കുന്നുവെന്നും ഉദ്യോഗസ്ഥരുടെ അന്തർധാര കൂട്ടുകെട്ടിൽ ഇതു തടയാൻ സെക്രട്ടറിക്ക് കഴിയുന്നില്ലെന്നും പറയപ്പെടുന്നു. സൗത്ത് ജംഗ്ഷനിലെ വലിയൊരു കെട്ടിട സമുച്ചയത്തിന്റെ ഒരു കോടി രൂപയിലധികം വരുന്ന നികുതി കുടിശ ഈടാക്കുന്ന പ്രശ്‌നത്തിലും സെക്രട്ടറിക്ക് പഴി കേൾക്കേണ്ടി വന്നു. പകുതിയോളം നികുതി ഇളവു ചെയ്യുന്നതിന് ഇടനിലക്കാർ, കെട്ടിട ഉടമയിൽ നിന്നും 12 ലക്ഷം രൂപ കൈക്കിലാക്കിയെന്ന വിവരം പുറത്തു വന്നിട്ടുണ്ട്. ഇതിന് ചില കൗൺസിലർമാരുടെ സഹായവും ലഭിച്ചിട്ടുണ്ടത്രെ. ഇതിൽ സെക്രട്ടറിക്ക് പങ്കുണ്ടെന്ന് വരുത്തി തീർക്കാൻ നഗരസഭയെ ചുറ്റിപ്പറ്റിയുള്ള ലോബി വലിയ പ്രചരണമാണ് അഴിച്ചുവിടുന്നത്. സെക്രട്ടറി പലപ്പോഴും അവധിയിലുമാണ്. കഴിഞ്ഞയാഴ്ച നടന്ന വൈസ് ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിലും സെക്രട്ടറിയുടെ അഭാവം ശ്രദ്ധിക്കപ്പെട്ടു.