grocery

തൃശൂർ: പലചരക്ക് - പച്ചക്കറി വിപണിയിലെ വിലക്കയറ്റം ജനത്തിന്റെ നടുവൊടിക്കുന്നു. അരിയിനങ്ങൾക്ക് പത്തുരൂപ വരെ ഉയർന്നതോടെ കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റി. സ്ഥിര ജോലിയില്ലാത്ത സാധാരണക്കാരാണ് ഏറെ ബുദ്ധിമുട്ടിൽ. മൊത്തക്കച്ചവടക്കാരിൽ നിന്ന് കൂടിയ നിരക്കിൽ സാധനം വാങ്ങി വിൽക്കാനാവാത്ത അവസ്ഥയിലാണ് ചെറുകിട ഉൾനാടൻ ഗ്രാമങ്ങളിലെ കച്ചവടക്കാർ. മറ്റ് സംസ്ഥാനങ്ങളിലെ മഴക്കെടുതി മൂലം ചരക്ക് വരവ് കുറഞ്ഞതും ഇന്ധന വില വർദ്ധനയടക്കമുള്ള കാര്യങ്ങളുമാണ് വില വർദ്ധനയ്ക്ക് പിന്നിൽ. വിദൂരങ്ങളിൽ നിന്നും സാധനമെത്തുമ്പോഴുണ്ടാവുന്ന ഗതാഗതച്ചെലവും കൂടി. എന്നാൽ വിലക്കയറ്റം പിടിച്ചു നിറുത്താൻ സർക്കാർ കാര്യമായ നടപടിയൊന്നും എടുക്കാത്തതാണ് പ്രശ്നമെന്നാണ് കച്ചവടക്കാർ ആരോപിക്കുന്നത്.


അരി വില മുകളിലേക്ക്

39 രൂപയുണ്ടായിരുന്ന മട്ടയ്ക്ക് ഇപ്പോൾ വില 50 ആണ്. ചില്ലറ വില 60ന് മുകളിലെത്തും. 54-55 വരെയുള്ള ജയയ്ക്ക് ചില്ലറ വില 56 മുതൽ 60 വരെയാണ്. 44-46 രൂപ വരെയുള്ള സുരേഖയുടെ ചില്ലറവില 48-50 വരെയാണ്. പയർ, പരിപ്പ്, ശർക്കര, കടല, ഗ്രീൻപീസ്, മുതിര എന്നിവയ്‌ക്കെല്ലാം വില വർദ്ധിച്ചു. ആന്ധ്രയിൽ അടക്കം ഉൽപാദനം കുറഞ്ഞതാണ് വില കുതിക്കാൻ കാരണമെന്നാണ് വിശദീകരണം.


പച്ചക്കറിയിൽ മുരിങ്ങയും കാരറ്റും

പച്ചക്കറി വിപണിയിൽ മുരിങ്ങ, കാരറ്റ് എന്നിവയ്ക്കാണ് വില കൂടുതൽ. 120 രൂപയാണ് മുരിങ്ങക്കായ വിലയെങ്കിൽ കാരറ്റിന് 100 രൂപയാണ്. ചെറുനാരങ്ങയ്ക്കും 100 രൂപയാണ്. പച്ചമാങ്ങയ്ക്ക് 70 ഉം കറിനാരങ്ങ, ഇഞ്ചി, പച്ചമുളക് എന്നിവയ്ക്ക് 80 രൂപയുമാണ് വില.

ആശ്വാസം മീൻ

മത്തി, അയല അടക്കം ചെറുമീനുകൾക്ക് വില കുറവായതാണ് ഏക ആശ്വാസം. വൈകിട്ട് 100 രൂപയ്ക്ക് ഒന്നരക്കിലോ വരെ മത്തി ലഭിക്കും. അയ്കൂറ അടക്കം വലിയ മത്സ്യങ്ങൾക്ക് വില കൂടുതലാണ്. അതേസമയം ഇറച്ചിക്കോഴി വില 120 നും 130 നും ഇടയിലാണ്.

വിപണിയിലെ വിലക്കയറ്റം ഇങ്ങനെ

പലചരക്ക്

കുറുവ 36-37 (42 വരെ ചില്ലറവില)

വൻ പയർ വില 88

ബോൾ കടല 100

പരിപ്പ് 75

ശർക്കര 48-50

ഗ്രീൻപീസ് 80

കടല 75

പഞ്ചസാര 38-40

ചെറുപയർ 100

പച്ചക്കറി

ബീൻസ്, വെളുത്തുള്ളി 70

ഉള്ളി, ബീറ്റ് റൂട്ട്, കൂർക്ക, കോളിഫ്‌ളവർ 60

തക്കാളി, ഉരുളൻ കിഴങ്ങ്, പയർ, കൊത്തമര 40

വഴുതന, മത്തൻ 36

വെള്ളരി 35

കുമ്പളങ്ങ 30