medical

തൃശൂർ : ഗവ.മെഡിക്കൽ കോളേജിൽ മൂന്നരക്കോടി എം.എൽ.എ ഫണ്ട് ചെലവഴിച്ച് രണ്ട് വർഷം മുമ്പെത്തിച്ച റേഡിയേഷൻ യന്ത്രം ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തൽ. ആണവോർജ നിയന്ത്രണ ബോർഡാണ് യന്ത്രത്തിന് ഗുണനിലവാരമില്ലെന്ന് സ്ഥിരീകരിച്ചത്. രണ്ട് മാസം മുൻപ് മെഡിക്കൽ കോളേജ് നടത്തിയ ട്രയൽ റണ്ണിൽ ഇക്കാര്യം കണ്ടെത്തിയിരുന്നു.

എന്നാൽ യന്ത്രം ഇറക്കുമതി ചെയ്ത കമ്പനി ഇക്കാര്യം അംഗീകരിച്ചില്ല. പിന്നീട് ആണവോർജ നിയന്ത്രണ ബോർഡിന്റെ പരിശോധനയിലും ഗുണനിലവാരക്കുറവ് സ്ഥിരീകരിച്ചു. രണ്ട് വർഷം മുമ്പ് മുൻ എം.എൽ.എ അനിൽ അക്കരയുടെ ആസ്തി ഫണ്ടിൽ നിന്നാണ് പണം മുടക്കിയത്. എന്നാൽ യന്ത്രത്തിൽ നിറക്കേണ്ട റേഡിയേഷൻ സോഴ്‌സിനായിട്ട് തുറന്ന് പോലും നോക്കാതെ മാസങ്ങളോളം ഇത് ഇരുന്നു. ഒടുവിൽ എതാനും മാസം മുമ്പാണ് ലഭിച്ചത്. തുടർന്ന് പ്രവർത്തനം ആരംഭിച്ചപ്പോഴാണ് ഡോക്ടർമാർ ഗുണനിലവാരത്തിൽ ആശങ്ക പ്രകടിപ്പിച്ചത്. തുടർന്നായിരുന്നു റെഗുലേറ്ററി ബോർഡിന്റെ പരിശോധന. രണ്ട് വർഷം മുമ്പെത്തിയ യന്ത്രം രണ്ട് വർഷമായി അനാഥമായി കിടക്കുകയായിരുന്നു. റേഡിയേഷൻ സോഴ്‌സ് ലഭിക്കാൻ മാത്രം ഒരു വർഷം കാത്തിരുന്നു. ഇത് സംബന്ധിച്ച് മെഡിക്കൽ കോളേജ് അധികൃതർ നൽകിയ അപേക്ഷ പോലും സർക്കാർ പരിഗണിച്ചില്ല. ഇക്കാര്യത്തിൽ ജനപ്രതിനിധികളും വേണ്ടത്ര താത്പര്യം കാണിച്ചില്ല. രണ്ട് വർഷം മുമ്പ് വാങ്ങിയ യന്ത്രം ആയതിനാൽ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരും തയ്യാറാകുന്നുമില്ല.

60 പേർക്ക് റേഡിയേഷൻ നടത്താം

യന്ത്രം പ്രവർത്തനം ആരംഭിച്ചാൽ 60 കാൻസർ രോഗികൾക്ക് പുതുതായി റേഡിയേഷൻ ചികിത്സ ലഭിക്കുമായിരുന്നു. എന്നാൽ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതോടെ നിലവിലെ സ്ഥിതി തന്നെ തുടരേണ്ട സാഹചര്യമാണുള്ളത്.