ചാലക്കുടി: വീൽ ചെയർ റൈറ്റ് ഫെഡറേഷൻ പ്രതിഷേധവുമായി രംഗത്തിറങ്ങിയതിനെത്തുടർന്ന് ചാലക്കുടി നഗരസഭാ കാര്യാലയം ഭിന്നശേഷി സൗഹൃദമാക്കി. കവാടത്തിന്റെ മുൻഭാഗമാണ് വീൽചെയറുകൾ കയറ്റുന്നതിന് പാകപ്പെടുത്തിയത്. ഒരാഴ്ചയ്ക്കകമായിരുന്നു ചവിട്ടുപടികളിൽ കോൺക്രീറ്റിംഗ് നടത്തി രൂപമാറ്റമുണ്ടാക്കിയത്.
വർഷങ്ങളായി ഭിന്നശേഷിക്കാരുടെ ആവശ്യമാണിത്. കഴിഞ്ഞ സെപ്തംബർ 28ന് ഫെഡറേഷൻ ജില്ലാ കമ്മിറ്റി നഗരസഭയുടെ മുന്നിൽ പ്രതിഷേധിച്ചിരുന്നു. ആവശ്യം ഉന്നയിച്ച് വരാന്തയിൽ ഭിന്നശേഷിക്കാർ കിടന്നു സമരം ചെയ്തത് ഏറെ ശ്രദ്ധേയമായിരുന്നു. ഇതേത്തുടർന്ന് ഒരുമാസത്തിനകം പ്രശ്‌നം പരിഹരിക്കുമെന്ന് നഗരസഭാ ചെയർമാൻ എബി ജോർജ്ജ് നൽകിയ ഉറപ്പാണ് പാലിച്ചത്.