ചാലക്കുടി: എട്ടു വർഷമായി വിവാദവിഷയമായിരുന്ന നഗരസഭയുടെ മാസ്റ്റർ പ്ലാനിന്റെ ഭേദഗതിക്ക് കൗൺസിൽ യോഗത്തിന്റെ അംഗീകാരം. റോഡുകളുടെ വർദ്ധിപ്പിച്ച വീതി കുറച്ചും പ്രത്യേക പദ്ധതികളിൽ ചിലത് ഒഴിവാക്കിയുമുള്ള ഭേദഗതികളോടെയാണ് ചെയർമാൻ എബി ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മാസ്റ്റർ പ്ലാൻ അംഗീകരിച്ചത്.

മുൻ ഭരണ സമിതിയുടെ കാലയളവിൽ പ്രസിദ്ധീകരിച്ച കരട് മാസ്റ്റർ പ്ലാൻ സംബന്ധിച്ച് വ്യാപക പരാതികൾ ഉയർന്നതിനെ തുടർന്നാണ് ഭേദഗതികളുണ്ടായത്. ഇപ്പോഴത്തെ ഭരണസമിതിയാണ് എട്ടു വർഷം മുൻപ് കരട് മാസ്റ്റർ പ്ലാനിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്.

മുന്നണിയിലെ പടല പിണക്കം മൂലം 2015 - 20 കാലഘട്ടത്തിലെ ഭരണ സമിതിക്ക് നടപടികൾ കൈക്കൊള്ളാനായിരുന്നില്ല. കരട് പ്ലാൻ കാര്യമായ ഭേദഗതികളില്ലാതെ സർക്കാരിന് സമർപ്പിക്കുകയായിരുന്നു.

നഗരസഭാ അതിർത്തിയിൽ പ്രധാന റോഡുകളുടെ വീതി ഇരട്ടിയിലധികം വർദ്ധിപ്പിച്ചതും പ്രത്യേക പദ്ധതികൾക്കായി വിവിധ സ്ഥലങ്ങൾ മരവിപ്പിച്ചതുമാണ് പരാതികൾക്ക് ഇടയാക്കിയത്. സർക്കാർ നിർദ്ദേശപ്രകാരം കൗൺസിൽ ചുമതലപ്പെടുത്തിയ പ്രത്യേക കമ്മിറ്റി മുഴുവൻ പരാതിക്കാരുമായി കൂടിക്കാഴ്ച നടത്തി പരാതിപരിഹാരത്തിനായി ദേദഗതികൾ കൗൺസിലിന് സമർപ്പിക്കുകയുമായിരുന്നു.

വൈസ് ചെയർപേഴ്‌സൺ ആലീസ് ഷിബു, അഡ്വ. ബിജു ചിറയത്ത്, കെ.വി. പോൾ, പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, ഷിബു വാലപ്പൻ, വി.ജെ. ജോജി, ജോർജ് തോമസ്, കെ.എസ്. സുനോജ്, വത്സൻ ചമ്പക്കര
തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

കരട് മാസ്റ്റർ പ്ലാൻ ഭേദഗതി വരുത്തുന്നതുമായി ബന്ധപ്പെട്ട കൗൺസിൽ തീരുമാനം സർക്കാരിന് സമർപ്പിച്ച് അനുമതി ലഭിക്കുന്ന മുറയ്ക്കാണ് ജില്ലാ ടൗൺ പ്ലാനിംഗ് വിഭാഗം ഭേദഗതികൾ വരുത്തി അന്തിമ മാസ്റ്റർ പ്ലാൻ തയ്യാറാക്കി സമർപ്പിക്കുക. ഇത് സർക്കാർ അനുമതിയോടെ ഗസറ്റ് വിജ്ഞാപനം ചെയ്യുന്നതോടെ പ്രസിദ്ധീകരിച്ച കരട് മാസ്റ്റർ പ്ലാൻ ഇല്ലാതായി പുതിയ മാസ്റ്റർ പ്ലാൻ നിലവിൽ വരും.

മാസ്റ്റർ പ്ലാൻ ഭേദഗതി ചെയ്തപ്പോൾ റോഡുകളുടെ വർദ്ധിപ്പിച്ച വീതി പരിമിതപ്പെടുത്തിയിട്ടുണ്ട്. 29-ാം വാർഡിലെ കാരകുളത്തുനാട് പാടശേഖരത്തിലെ സീവേജ് പദ്ധതി, 27-ാം വാർഡിലെ വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്, എട്ടാം വാർഡിലെ ടെക്‌നോ സെന്റർ, ഒന്നാം വാർഡിലെ എക്കോ കോമ്പാക്ട് സിറ്റി, അഞ്ചാം വാർഡിലെ വ്യവസായ എസ്റ്റേറ്റ് തുടങ്ങിയ പദ്ധതി നിർദ്ദേശങ്ങൾ ഒഴിവാക്കാനും, ചില പദ്ധതികൾ ഭേദഗതി ചെയ്യാനും തീരുമാനിച്ചു. നിലവിലുള്ള വീതി ഇരട്ടിയിലധികമായി വർദ്ധിപ്പിക്കാൻ നിർദ്ദേശിച്ചിരുന്ന 35ൽ അധികം പ്രധാന റോഡുകളുടെ വീതി പരിമിതപ്പെടുത്താനും തീരുമാനമായി.

1973ൽ വിജ്ഞാപനം ചെയ്തതും കാലഹരണപ്പെട്ടതുമായ നഗരസഭയുടെ മാർക്കറ്റ്, ഓഫീസ് ഡി.ടി.പി സ്‌കീമുകൾ റദ്ദാക്കാനും തീരുമാനം എടുത്തിട്ടുണ്ട്.