കൊടുങ്ങല്ലൂർ: പുല്ലൂറ്റ് പാലത്തിൽ നിന്നും യുവതി പുഴയിലേക്ക് ചാടി. ഇത് കണ്ടു നിന്ന യുവാക്കൾ യുവതിയുടെ രക്ഷകരായി. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ യുവതിയാണ് പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം. യുവതി പുഴയിൽ ചാടുന്നത് കണ്ട് തൊട്ടടുത്തുള്ള മെൻസ് പാർക്ക് എന്ന സ്ഥാപനത്തിലെ ജീവനക്കാരായ അമൽ, പ്രമോദ് എന്നിവർ ചേർന്ന് വഞ്ചി തൊഴിലാളികളുടെ സഹായത്താൽ യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.

കൊടുങ്ങല്ലൂർ എ.ആർ മെഡിക്കൽ സെന്ററിൽ എത്തിച്ച യുവതി അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു. പുഴയിൽ ചാടി യുവതിയെ രക്ഷിച്ച യുവാക്കളെ ബി.ജെ.പി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി ആദരിച്ചു. നിരവധി പേർ നോക്കി നിൽക്കെയാണ് യുവാക്കൾ ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തിയത്. ചടങ്ങിൽ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ്, ജനറൽ സെക്രട്ടറി എൽ.കെ. മനോജ്, പി.എസ്. അനിൽകുമാർ, ടി.ബി. സജീവൻ, ടി.എസ്. സജീവൻ തുടങ്ങിയവർ സംബന്ധിച്ചു.