നടത്തറ: വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ച നടത്തറ സ്വദേശി രോഹിത് രാജിന്റെ വീട്ടിൽ മന്ത്രി കെ. രാജനെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. വെള്ളിയാഴ്ച രാവിലെയാണ് മന്ത്രി എത്തിയത്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകുന്നത് സംബന്ധിച്ചുള്ള തീരുമാനം അടുത്ത കാബിനറ്റ് യോഗത്തിൽ ഉണ്ടാകുമെന്നും മന്ത്രി മാദ്ധ്യമ പ്രവർത്തകരോടു പറഞ്ഞു. രോഹിതിന്റെ അച്ഛൻ തെക്കുട്ട് രാജു, അമ്മ ലതിക, സഹോദരി ലക്ഷ്മി രാജ് എന്നിവരോടും മന്ത്രി സംസാരിച്ചു. നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, വൈസ് പ്രസിഡന്റ് പി.ആർ. രജിത്ത് എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.