വാടാനപ്പിള്ളി: പാഴ്‌വസ്തുക്കളിൽ ഗവേഷണങ്ങൾ നടത്തിയും അമ്മക്കോഴിയുടെ സഹായമില്ലാതെ കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചും വിദ്യാർത്ഥി വിസ്മയമാകുന്നു. വാടാനപ്പള്ളി ഇസ്ര ഇമാം ഗസാലി മോഡൽ അക്കാഡമിയിലെ മൂന്നാം വർഷ വിദ്യാർത്ഥി മുഹമ്മദ് അമീനാണ് കൊച്ചു കണ്ടുപിടുത്തങ്ങളിലൂടെ ശ്രദ്ധേയനാവുന്നത്. സ്വയം നിർമ്മിത താപനിലയിലൂടെ ചൂടും തണുപ്പും സ്വാംശീകരിച്ച് അമ്മക്കോഴിയിൽ നിന്ന് ലഭിക്കേണ്ട ചൂടിനു പകരം ബൾബിൽ നിന്ന് ഊഷ്മാവ് പ്രവഹിപ്പിച്ചാണ് കൃത്രിമമായി കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചത്. തെർമോസ്റ്റാറ്റ്, സി.പി.യു ഫാൻ, 12 വോൾട്ട് ചാർജർ, 60 വാട്‌സ് ബൾബ് എന്നിവ ഉപയോഗിച്ചാണ് ഇരുപത്തൊന്ന് ദിവസങ്ങൾ കൊണ്ട് അഞ്ചു കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചത്.
കൂടാതെ വെള്ളത്തിൽ നിന്ന് വൈദ്യുതി പ്രവഹിപ്പിച്ച് എൽ.ഇ.ഡി ബൾബുകൾ കത്തിച്ചും, റിമോട്ട് നിയന്ത്രിത ബോട്ട് നിർമ്മിച്ചും, സെക്യൂരിറ്റി സിസ്റ്റം അലാറം നിർമ്മിച്ചും ഈ പത്താം ക്ലാസുകാരൻ ഇതിനോടകം ഒട്ടേറെ നേട്ടങ്ങൾ കൊയ്തു. ചുരുങ്ങിയ ചെലവിൽ ആക്രിക്കടകളിൽ നിന്ന് അസംസ്‌കൃത വസ്തുക്കൾ സ്വരൂപിച്ചാണ് ഗവേഷണങ്ങൾ നടത്തിവരുന്നത്. കോടാലി - ചൊക്കന സ്വദേശിയായ ഈ വിദ്യാർത്ഥിക്ക് എൻജിനിയറായ മതപണ്ഡിതനാവാനാണ് ആഗ്രഹം. ഇസ്ഹാഖ് - ഷാഹിദ ദമ്പതികളുടെ മകനാണ് മുഹമ്മദ് അമീൻ.