തൃപ്രയാർ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലഹരി ഒഴുകുന്നത് കേരളത്തിലാണെന്നും അദ്ധ്യാപകരും മാതാപിതാക്കളും സർക്കാർ, സർക്കാർ ഇതര സംവിധാനങ്ങളും ഒത്തൊരുമിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ചാൽ മാത്രമേ ഈ വിപത്തിൽ നിന്നും യുവതലമുറയെ രക്ഷിക്കാനാവൂ എന്നും ഋഷിരാജ്‌സിംഗ് അഭിപ്രായപ്പെട്ടു. സോഷ്യൽ ജസ്റ്റിസ് ഫോർ ഇന്റർനാഷണൽ സിവിൽ റൈറ്റ്‌സ് കൗൺസിൽ സംഘടിപ്പിച്ച മയക്കുമരുന്ന് മുക്ത കേരളം എന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നാട്ടിക ശ്രീനാരായണ കോളേജിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ കോളേജിലെ ആന്റി നാർകോട്ടിക് സെന്ററിലെ മെമ്പർമാരായ വിദ്യാർത്ഥികളും പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.
സോഷ്യൽ ജസ്റ്റിസ് ഫോർ ഇന്റർനാഷണൽ സിവിൽ റൈറ്റ്‌സ് കൗൺസിൽ പ്രസിഡന്റ് ഗോപിനാഥ് വന്നേരി അദ്ധ്യക്ഷനാകുകയും കുട്ടികൾക്ക് ലഹരിവിരുദ്ധ സന്ദേശം ചൊല്ലിക്കൊടുക്കുകയും ചെയ്തു. സംഘടനയുടെ ഭാരവാഹികളായ റിട്ട. ഇൻഫർമേഷൻ കമ്മിഷണർ, എം.എൻ. ഗുണവർദ്ധൻ, ഒ. ജയരാജ്, കെ. രാധാകൃഷ്ണൻ, എം.ബി. സജീവ്, പി. രാമഭദ്രൻ, പ്രിയംവദ എൻ.ഇ, മുൻ എം.എൽ.എ കെ.യു. അരുണൻ, നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ, എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ. പി.എസ്. ജയ, പ്രൊഫ. ടി.ആർ. ഹാരി, ഷൈൻ സുരേന്ദ്രനാഥ് എന്നിവർ സംസാരിച്ചു.