കൊട്ടേക്കാട്: കോലഴി പഞ്ചായത്തിലെ വിളക്കുപാടം, പന്തൽപാടം, കൊളമ്പ് പാടം, താമരക്കുളം ഒന്ന്, താമരക്കുളം രണ്ട് പാടശേഖരങ്ങളിൽ നട്ട് ഒരു മാസം പോലുമാകാത്ത ഏക്കർ കണക്കിന് പാടങ്ങൾക്ക് വരൾച്ച നേരിടുന്നതിന് പരിഹാരമായി മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പത്താം വാർഡിലുള്ള അരിങ്ങാഴിക്കുളത്തിലെ മേലോഴുക്ക് സംവിധാനം പുനസ്ഥാപിക്കണമെന്ന് കേരള കർഷകസംഘം കൊട്ടേക്കാട് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. രണ്ടര ഏക്കറോളം വിസ്തൃതിയുള്ള അരിങ്ങാഴിക്കുളത്തിൽ നിന്നും ഒറുവെള്ളത്തിന്റെ മേലൊഴുക്കാണ് മേൽപ്പറഞ്ഞ പാടശേഖരങ്ങളിൽ കൃഷിക്ക് ലഭ്യമായിരുന്നത്. നിയമസഭാംഗത്തിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലക്ഷം രൂപ ചെലവിൽ കുളം വശംകെട്ടി സംരക്ഷ പദ്ധതി നടപ്പാക്കിയപ്പോൾ മേലൊഴുക്ക് ചാൽ മണ്ണടിച്ച് മൂടി. ചാലിന്റെ മുഖത്ത് ഷട്ടർ വയ്ക്കുന്ന പ്രവൃത്തിയുടെ ലക്ഷണങ്ങൾ മാത്രമാണ് ചെയ്തിട്ടുള്ളത്. പരമ്പരാഗതമായി കൃഷിയുടെ ജലസ്രോതസായിരുന്ന അരിങ്ങാഴിക്കുളം കുടിവെള്ള പദ്ധതിക്കുകൂടി പ്രയോജനപ്പെടുത്തിയതോടെ കൃഷിക്ക് വെള്ളം നിഷേധിക്കുന്ന സാഹചര്യം പ്രതിഷേധാർഹമാണെന്ന് കർഷകസംഘം കുറ്റപ്പെടുത്തി. പ്രസിഡന്റ് സി.സി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.ആർ. സുബ്രഹ്മണ്യൻ, വൈസ് പ്രസിഡന്റ് ഡേവിഡ് കണ്ണനായ്ക്കൽ, കെ.ഒ. സൈമൺ, സജീവൻ പുതുകുളങ്ങര എന്നിവർ സംസാരിച്ചു.