പുതുക്കാട്: മലയോര മേഖലയിലെ ജനങ്ങളെ ഏറെ ഭിതിയിലാക്കിയ കാട്ടാന ആക്രമണത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ സൗരോർജ വേലി, ട്രഞ്ചിംഗ് ഉൾപ്പെടെയുള്ള മാർഗങ്ങൾ അടിയന്തരമായി സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. ജോസഫ് ടാജറ്റ് ഹൈക്കോടതി അഭിഭാഷകൻ എം. പ്രേംചന്ദ് മുഖാന്തിരം നൽകിയ ഹർജിയിൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഉത്തരവിട്ടത്. പല നടപടികളും സംസ്ഥാന വ്യാപകമായി സ്വീകരിച്ചിട്ടുണ്ടെന്നും അതിനാൽ ഹർജി തള്ളണമെന്ന വനംവകുപ്പിന്റെ വാദം കോടതി സ്വീകരിച്ചില്ല. രണ്ട് മരണമുൾപ്പെടെ ആറ് മനുഷ്യ ജീവനുകൾ പൊലിഞ്ഞതും ലക്ഷകണക്കിന് രൂപയുടെ നിരവധി കാർഷിക വിളകൾ നശിച്ചതുമായി ബന്ധപ്പെട്ട വസ്തുതകൾ കോടതി പരിഗണയിലെടുത്തു. ഓരോ സംഭവങ്ങൾ കഴിയുമ്പോഴും വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കലല്ലാതെ മറ്റൊരു നടപടിയും സ്വീകരിക്കാറില്ല. ഹർജിക്ക് മുൻപും ശേഷവും ഉണ്ടായ ആക്രമണങ്ങളുടെ അനുദിന പത്രവാർത്തകൾ ഹാജരാക്കിയത് കോടതി തെളിവായി സ്വീകരിച്ചു.
മലയോരമേഖലയിലെ ജനങ്ങൾക്ക് ഏറെ ആശ്വാസമാണ് വിധി. വിധി കൃത്യമായ രീതിയിൽ വനം വകുപ്പ് നടപ്പാക്കിയാൽ വന്യജീവി ആക്രമണത്തിന് ഒരു പരിധിവരെ പരിഹാരമാകും. കോടതി വിധിയുടെ അടിസ്ഥാനത്തിൽ അടിയന്തര നടപടികൾ ജില്ലയിലെ മലയോരമേഖലകളിൽ സ്വീകരിക്കണം.
-അഡ്വ. ജോസഫ് ടാജറ്റ്.