പുതുക്കാട്: നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം ഭൂമി തരംമാറ്റി ക്രമപ്പെടുത്താനുള്ള ഫീസിനത്തിൽ ഇതുവരെ എത്ര തുക ഈടാക്കിയെന്നും ഇതിൽ എത്ര തുക കാർഷിക വികസന ഫണ്ടിന് കൈമാറിയെന്നും അറിയിക്കണമെന്ന് സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. തരംമാറ്റൽ ഫീസിനത്തിൽ പിരിച്ചെടുക്കുന്ന തുക കാർഷിക വികസന ഫണ്ടിന് കൈമാറണമെന്ന വ്യവസ്ഥസഹിതം 2018ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്തതു മുതലുള്ള കണക്കുകൾ സർക്കാർ കോടതിയെ അറിയിക്കണം. 2000-2021 ലും 2021-2022ലും ഈടാക്കിയ തുകയും കാർഷിക വികസന ഫണ്ടിൽ നിക്ഷേപിക്കാത്തതിന്റെ കാരണവും അറിയിക്കണമെന്നും കൊടതി നിർദേശിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും പൊതുപ്രവർത്തകനുമായ വരന്തരപ്പിള്ളി സ്വദേശി ടി.എൻ. മുകുന്ദൻ സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
2018 മുതൽ സമാഹരിച്ച ഫിസ് കാർഷിക വികസന ഫണ്ടിലേക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി നൽകിയത്. ഹർജി പരിഗണനയ്ക്ക് വന്ന ശേഷം 18 കോടി രൂപ കാർഷിക വികസന ഫണ്ടിൽ നിക്ഷേപിച്ചതായി സ്റ്റേറ്റ് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. എന്നാൽ 2021-2022 വർഷം 239 കോടിയിലേറെ സമാഹരിച്ചിട്ടുണ്ടെന്ന് വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിൽ ഹർജിക്കാരൻ വാദിച്ചു. 2021 ൽ 700 കോടിയിലേറെ ഈടാക്കിയെന്ന് വാദിച്ചെങ്കിലും അതിന് മതിയായ രേഖകൾ ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. രണ്ടാഴ്ചക്കുള്ളിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി.