കൊടുങ്ങല്ലൂർ: കൊടുങ്ങലൂരിൽ കിടക്ക നിർമ്മാണ യൂണിറ്റിൽ വൻ തീപിടിത്തം. എറിയാട് അബ്ദുള്ള റോഡ് ഐനിക്കപ്പറമ്പിൽ പ്രവർത്തിക്കുന്ന ആമണ്ടൂർ തേപറമ്പിൽ ഷെരീഫിന്റെ താജ് ട്രേഡേഴ്‌സ് എന്ന കിടക്ക നിർമ്മാണ യൂണിറ്റിലെ പഞ്ഞി സംഭരണ ഗോഡൗണിലാണ് തീപിടത്തമുണ്ടായത്. രണ്ട് ടണ്ണോളം കോട്ടൺ, കോട്ടൺ സീഡ് എന്നിവ കത്തിനശിച്ചു.
ഇരുനില കെട്ടിടത്തിന്റെ മുകളിൽ മേഞ്ഞിരുന്ന ഷീറ്റുകളും കത്തിയുരുകി. ഉദ്ദേശം 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൊടുങ്ങല്ലൂർ അഗ്‌നി രക്ഷാനിലയം സ്റ്റേഷൻ ഓഫീസർ പി.കെ. ശരത്തിന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ, മാള നിലയത്തിൽ നിന്നും നാല് യൂണിറ്റ് വെള്ളം പമ്പ് ചെയ്താണ് തീ അണച്ചത്.
സേനയുടെ സംയോജിത ഇടപെടൽ മൂലം തൊട്ടടുത്തുള്ള മറ്റ് വ്യവസായ യൂണിറ്റിലേക്കും, നിർമ്മാണം പൂർത്തിയാക്കി വച്ചിരിക്കുന്ന കിടക്ക സംഭരിച്ച യൂണിറ്റിലേക്കും തീ പടരാതെ സംരക്ഷിക്കാൻ കഴിഞ്ഞു. സമീപത്തെ കുളങ്ങളിൽ നിന്നും ഫയർഫോഴ്‌സിന് വെള്ളം ഉപയോഗിക്കാൻ കഴിഞ്ഞതും തീയണക്കാൻ സൗകര്യമായി.
ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ ജയകുമാർ, പി.വി. സുനിൽകുമാർ, പി.ബി. സുനി, കെ.എസ്. രഞ്ജിത്ത്, കെ.എം. സനൽ റോയ്, കെ.എസ്. അജിത്ത്, രഞ്ജിത്ത് കൃഷ്ണൻ, സി.എസ്. സൂരജ്, സി.പി. ബിജു, കെ.വി. വിപീഷ്, എം.പി. ശ്യാം കുമാർ, എം.ആർ. അരുൺ, ഹോംഗാർഡ് നെൽസൺ, വർഗീസ് ജോയ് എന്നിവർ ചേർന്ന് മൂന്ന് മണിക്കൂർ പരിശ്രമിച്ചാണ് തീ കെടുത്തിയത്.