1

ഗുരുവായൂർ: ജില്ലാ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ 234 പോയിന്റ് നേടി തൃശൂർ സെന്റ് എലിസബത്ത് ഇംഗ്ലീഷ് സ്‌കൂൾ ടീം ജേതാക്കളായി. 189 പോയിന്റോടെ തൃശൂർ എക്‌സൽ അത്‌ലറ്റിക് അക്കാഡമിയാണ് രണ്ടാം സ്ഥാനത്ത്. 168 പോയിന്റ് നേടിയ ഗുരുവായൂർ സ്‌പോർട്‌സ് അക്കാഡമി(ജി.എസ്.എ) മൂന്നാം സ്ഥാനവും നേടി. ജില്ലാ അത്‌ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നടന്ന അത്‌ലറ്റിക് മീറ്റിൽ പുതിയ എട്ട് റെക്കാഡുകളാണ് പിറന്നത്.

തൃശൂർ എക്‌സൽ അക്കാഡമിയിലെ വി.എം. അശ്വതി രണ്ടിനങ്ങളിൽ(60 മീറ്റർ, ലോംഗ് ജമ്പ്), റെക്കാഡ് സ്വന്തമാക്കി. ടി.ബി. റോസ്‌ മോൾ (80 മീറ്റർ ഹർഡിൽസ് എക്‌സൽ അക്കാഡമി), സി.എസ്. സൂര്യദേവ (5000 മീറ്റർ റെയ്‌സ് വാക്കിംഗ്,​ ഗുരുവായൂർ സ്‌പോർട്‌സ് അക്കാഡമി), ഇ.എസ്. ശിവപ്രിയ (ലോംഗ് ജമ്പ്,​ ഫിഷറീസ് നാട്ടിക), ഡെൽവിൻ ഡേവീസ് (1500 മീറ്റർ സ്‌പോർടസ് അക്കാഡമി,​ ചാലക്കുടി), എം.എസ്. അശ്വിൻ (3000 മീറ്റർ പുരുഷ എക്‌സൽ,​ അക്കാഡമി), ബി. സുപ്രിയ (3000 മീറ്റർ വനിത,​ ക്രൈസ്റ്റ് ഇരിങ്ങാലക്കുട) എന്നിവരാണ് മറ്റ് റെക്കാഡ് ജേതാക്കൾ.

വിജയികൾക്ക് ദേശീയ പൊലീസ് താരം തോംസൺ പൗലോസ് സമ്മാനങ്ങൾ നൽകി. സംസ്ഥാന അത്‌ലറ്റിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് പ്രൊഫ. നാരായണൻ നമ്പൂതിരി, അസോസിയേഷൻ പ്രസിഡന്റ് ഇ.യു. രാജൻ, സെക്രട്ടറി ഡോ. കെ.എസ്. ഹരിദയാൽ, ബിന്റു ടി. കല്യാൺ, സോജൻ എന്നിവർ പ്രസംഗിച്ചു.