ചാലക്കുടി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ പൂർവവിദ്യാർത്ഥികൾ ഒരുക്കുന്ന ചിത്രശിൽപ്പ പ്രദർശനം ' അരണി ' ഇന്ന് ചാലക്കുടിയിലെ ചോല ആർട്ട് ഗ്യാലറിയിൽ നടക്കുമെന്ന്് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 20 യുവകലാകാരൻമ്മാർ അണിയിച്ചൊരുക്കുന്ന പ്രദർശനമാണിത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നെത്തിയ കലാകാരന്മാരും പ്രദർശനത്തിൽ പങ്കെടുക്കും. ചാലക്കുടിക്കാർക്ക് അന്യമായിരുന്ന ദൃശ്യചാരുത അനുഭൂതിയാണ് ഒരുങ്ങുന്നത്. തിരുവനന്തപുരത്തിനും എറണാകുളത്തിനും തൃശൂരിനും കോഴിക്കോടിനും മാത്രം സാദ്ധ്യമായിരുന്ന ചിത്രശിൽപ്പ പ്രദർശനമാണ് ചാലക്കുടിയുടെ മണ്ണിൽ അരങ്ങേറുന്നത്. കേരള പരമ്പരാഗത ശൈലി ചുമർചിത്രകലാ ചിത്രങ്ങൾ അസ്വാധകർക്ക് നവ്യമായ അനുഭൂതി പകരുമെന്ന് സംഘാടകർ അവകാശപ്പെട്ടു. ഇന്ന് വൈകിട്ട് പ്രദർശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രശസ്ത ചുമർചിത്രകാരനും സംസ്‌കൃത സർവകലാശാലയിലെ ചുമർചിത്രകലാ വിഭാഗം മേധാവിയുമായ ഡോ. സാജു തുരുത്തിൽ നിർവഹിക്കും. ഡോ. ജ്യോതിലാൽ പ്രദർശനത്തിന്റെ അദ്ധ്യക്ഷനാകും. എ.ജി. സെന്തിൽ കുമാർ, സുരേഷ് മുട്ടത്തി, രജീവ് അയ്യമ്പുഴ, എ.കെ. സതീശൻ, വിഷ്ണു തെക്കേടത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.