ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ചരിത്രവുമായി ബന്ധപ്പെട്ട് രചിച്ച ലഘുനോവൽ 'കദളീനിവേദ്യം' പ്രകാശനം ചെയ്തു. ഗുരുവായൂർ ക്ഷേത്രം കൃഷ്ണനാട്ടം കളിയോഗം ആശാനായി വിരമിച്ച കെ. സുകുമാരന്റെ ജീവചരിത്രമാണ് ലഘുനോവലായി പുറത്തിറക്കിയിട്ടുള്ളത്. കറന്റ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. മാദ്ധ്യമപ്രവർത്തകനായ ജയപ്രകാശ് കേശവനാണ് രചയിതാവ്. രുക്മിണി റീജൻസിയിൽ നടന്ന ചടങ്ങിൽ ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു. ഡോ. സുവർണ നാലപ്പാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഗരസഭാ മുൻ ചെയർപേഴ്‌സൺ പ്രൊഫ. പി.കെ. ശാന്തകുമാരിക്ക് പുസ്തകം കൈമാറിക്കൊണ്ട് നോവലിസ്റ്റ് സി. രാധാകൃഷ്ണൻ പ്രകാശനം നിർവഹിച്ചു. കറന്റ് ബുക്‌സ് പബ്ലിഷിംഗ് മാനേജർ കെ.ജെ. ജോണി അദ്ധ്യക്ഷനായി. സംവിധായകൻ എം.കെ. ദേവരാജൻ ആമുഖ പ്രസംഗം നടത്തി. കവി രാധാകൃഷ്ണൻ കാക്കശ്ശേരി പുസ്തകം പരിചയപ്പെടുത്തി. തൊൽപ്പാവക്കൂത്ത് കലാകാരൻ കെ.കെ. രാമചന്ദ്രപുലവർ വിശിഷ്ടാതിഥിയായി. കെ. സുകുമാരനെ ആദരിക്കുന്ന സമാദരണസദസ് നഗരസഭാ അദ്ധ്യക്ഷൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ശ്രീകുമാർ ഇഴുവപ്പാടി, ജയപ്രകാശ് കേശവൻ തുടങ്ങിയവർ സംസാരിച്ചു. കറന്റ് ബുക്‌സും ഗുരുവായൂർ മാടമ്പ് കുഞ്ഞുകുട്ടൻ സുഹൃദ് സമിതിയും ചേർന്നാണ് പ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചത്.