ചാലക്കുടി: നഗരസഭ മാസ്റ്റർ പ്ലാനിലെ പ്രത്യേക കമ്മിറ്റിയെടുത്ത തീരുമാനങ്ങൾ കൗൺസിൽ യോഗത്തിൽ അട്ടിമറിച്ചതായി പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ് വാർത്താക്കുറിപ്പിൽ ആരോപിച്ചു. ഭരണകക്ഷി അംഗങ്ങൾക്ക് വേണ്ടിയാണ് ഗുരുതരമായ മാറ്റങ്ങൾ വരുത്തിയത്. ഭാവിയിൽ നഗരത്തിന് ആവശ്യമായ നിരവധി കാര്യങ്ങൾ മാസ്റ്റർ പ്ലാനിൽ നിന്നും ഒഴിവാക്കി. വ്യവസായ എസ്റ്റേറ്റിനായി പോട്ടയിൽ ഏറ്റെടുത്ത സ്ഥലത്ത് ഐ.ടി പാർക്കിനുള്ള നിർദ്ദേശം കൊണ്ടുവന്നത് സ്ഥലം ലീസിനെടുത്തിട്ടുള്ള വ്യവസായ സംരഭകരുമായി ആലോചന പോലും നടത്താതെയാണ്. മൂന്നാം വാർഡിൽ സ്വകാര്യവ്യക്തിയുടെ കൈവശമുള്ള ഭൂമി ഭാവിയിൽ നഗരസഭയ്ക്ക് വിട്ടുകിട്ടും എന്ന് വിശ്വസിപ്പിച്ച് മിക്‌സഡ് സോണാക്കണമെന്ന വാർഡ് കൗൺസിലറുടെ നിർദ്ദേശം ഭുമാഫിയയെ സഹായിക്കാനാണ്. നഗരസഭാ പ്രദേശത്തെ പുറമ്പോക്ക് ഭൂമികളും കുളങ്ങളും മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തണമെന്നും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി ചാലക്കുടിയുടെ വികസനം മുന്നിൽ കണ്ടുകൊണ്ട് കുറ്റമറ്റ രീതിയിൽ മാസ്റ്റർ പ്ലാനിൽ മാറ്റങ്ങൾ വരുത്തി പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.