അഷ്ടമച്ചിറ - കൊടുങ്ങല്ലൂർ റോഡ് ഓഫ് റോഡായി !

മാള: കൊടുങ്ങല്ലൂർ - കൊടകര സംസ്ഥാന പാതയിൽ അഷ്ടമച്ചിറ മുതൽ കൊടുങ്ങല്ലൂർ വരെയുള്ള ഭാഗത്ത് റോഡ് തകർന്നിട്ട് വർഷം ഒന്നു കഴിഞ്ഞു.

റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ഉന്നയിച്ച് വ്യക്തികളും സംഘടനകളും അധികാര കേന്ദ്രങ്ങൾ കയറിയിറങ്ങാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയും. എന്നിട്ടും കുഴികൾ അങ്ങനെത്തന്നെ. കുഴികൾ അടിയന്തരമായി അടക്കണമെന്ന് ഹൈക്കോടതി നിർദ്ദേശവും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല.

എൻജിനിയർ കോളേജുകളടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും, സർക്കാർ ഓഫീസുകളും, ഇതര വാണിജ്യ വ്യവസായ സ്ഥാപനങ്ങളുമുള്ള മാളയിലേക്ക് ഈ റോഡ് ഒഴിവാക്കാതെ സഞ്ചരിക്കാനും കഴിയാത്ത സ്ഥിതിയാണ്. വാഹനങ്ങൾ റോഡിലെ കുഴികൾ ഒഴിവാക്കുന്നതിനായി വെട്ടിച്ചെടുക്കുമ്പോഴാണ് അപകടങ്ങൾ സംഭവിക്കുന്നത്. മഴക്കാലത്ത് കുഴിയിൽ വെള്ളം കെട്ടിനിൽക്കുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്. ഓഫിസ് - സ്കൂൾ സമയങ്ങളിൽ തിരക്ക് വർദ്ധിക്കുന്നതിനാൽ പലർക്കും കൃത്യസമയത്ത് എത്താനാകുന്നില്ലെന്നും പരാതിയുണ്ട്.

അഷ്ടമിച്ചിറ, വടമ, പൊയ്യ ഭാഗങ്ങളിൽ നിരവധി ടു വീലർ യാത്രക്കാർക്ക് അപകടങ്ങൾ പറ്റുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. റോഡ് പുതുക്കി പണിയുന്നതിന് ടെൻഡർ പ്രകാരം പണി ഏറ്റെടുത്തിരുന്ന കരാറുകാരൻ മാസങ്ങൾക്ക് മുമ്പ് പണി ഉപേക്ഷിച്ചപ്പോൾ പി.ഡബ്ല്യു.ഡി കരാർ അവസാനിപ്പിച്ചിരുന്നു. എന്നാൽ മറ്റൊരു കരാറുകാരന്റെ കീഴിലുണ്ടായിരുന്ന കൊടകര മുതൽ അഷ്ടമിച്ചിറ വരെയുള്ള റോഡിന്റെ നിർമ്മാണം യഥാസമയം പൂർത്തീകരിച്ചിട്ടുമുണ്ട്. അഷ്ടമിച്ചിറ മുതൽ കൊടുങ്ങല്ലൂർ വരെ 11 കിലോമീറ്റർ ദൂരമാണ് ബി.സി നിലവാരത്തിൽ ടാറിംഗ് ചെയ്യാൻ ടെൻഡർ ക്ഷണിച്ചിട്ടുള്ളത്. എത്രയും വേഗം കരാറുകാരനെ നിയമിച്ച് റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇപ്പോൾ പുതിയ ടെൻഡർ ക്ഷണിക്കുകയും ടെൻഡർ പ്രകാരം കരാറുകാരന് സെലക്ഷൻ നോട്ടീസ് അയച്ചിട്ടുമുണ്ട്. എഗ്രിമെന്റ് പ്രകാരം നടപടി ക്രമങ്ങൾ പൂർത്തികരിച്ച് എത്രയും വേഗം പ്രവ‌ൃത്തി ആരംഭിക്കും.

സൂപ്രണ്ടിംഗ് എൻജിനിയർ

പൊതുമരാമത്ത് വകുപ്പ്