libraryകൊടുങ്ങല്ലൂർ നഗരസഭ കമ്പ്യൂട്ടർവത്കരിച്ച് നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം മന്ത്രി ആർ. ബിന്ദു നിർവഹിക്കുന്നു.

കൊടുങ്ങല്ലൂർ: വായനശാലകളും ഗ്രന്ഥശാലകളും ആ പ്രദേശത്തെ പ്രകാശ ഗോപുരങ്ങളാണെന്നും ജാതിയുടെയും മതത്തിന്റെയും പേരിൽ സമൂഹത്തെ ഭിന്നിപ്പിക്കാനും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരികെ കൊണ്ടുവരുവാനും ചില ശക്തികൾ നടത്തുന്ന ബോധപൂർവമായ പ്രവർത്തനങ്ങളെ പ്രതിരോധിക്കാൻ ഇത്തരം ഗ്രന്ഥശാലകൾ പ്രയോജനപ്പെടുത്തണമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോക്ടർ ആർ. ബിന്ദു.

നഗരസഭ കമ്പ്യൂട്ടർ വത്കരിച്ച് നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഡിജിറ്റലൈസ് ചെയ്തു നവീകരിച്ച ഗ്രന്ഥശാലയിൽ പതിനാലായിരത്തോളം പുസ്തകങ്ങളും 600ൽപരം വായനക്കാരുമാണുള്ളത്. ലൈബ്രറി അംഗത്വത്തിൽ 28 വർഷം പൂർത്തിയാക്കിയ ടി.കെ. ഹംസയെയും ലൈബ്രറി കെട്ടിടം നവീകരിച്ച ആർട്ട് കോ പ്രതിനിധി രാഹുലിനെയും മന്ത്രി പൊന്നാട അണിയിച്ചു. അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ, വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ലത ഉണ്ണിക്കൃഷ്ണൻ, എൽസി പോൾ, ഷീല പണിക്കശ്ശേരി, കൗൺസിലർമാരായ ടി.എസ്. സജീവൻ, രേഖ സൽപ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.